താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ… നാലു ദിവസം കൂടി കനത്ത മഴ മുന്നറിയിപ്പ്

നാലുദിവസംകൂടി സംസ്ഥാനത്ത് കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിലാണ്.

അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കു സജ്ജരാകാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശം നൽകി.

Loading...

മുമ്പ് ദുരന്തമുണ്ടായ സ്ഥലങ്ങളിലും ദുരന്തസാധ്യതയുള്ള സ്ഥലങ്ങളിലും താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാൻ കളക്ടർമാർക്കു നിർദേശംനൽകി.

നാവികസേന, കോസ്റ്റ് ഗാർഡ്, വ്യോമസേന എന്നിവയ്ക്ക് ജാഗ്രതാ നിർദേശം നൽകി. എറണാകുളത്ത് പത്തും പാലക്കാട്ട് മൂന്നും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ആവശ്യമുള്ള സ്ഥലങ്ങളിൽ ക്യാമ്പുകളാരംഭിക്കാൻ ജില്ലാ കളക്ടർമാർക്കു നിർദേശം നൽകിയിട്ടുണ്ട്.

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനമാണ് തുലാവർഷം ഇത്രയും ശക്തമാകാൻ കാരണം. ഈ ന്യൂനമർദം കൂടുതൽ ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുണ്ട്.

ന്യൂനമർദം ഇപ്പോൾ മഹാരാഷ്ട്രതീരത്തേക്കു നീങ്ങുകയാണ്. പിന്നീടിത് ഗതിമാറി ഒമാൻ തീരത്തേക്കു പോകുമെന്നാണു വിലയിരുത്തൽ.
ബംഗാൾ ഉൾക്കടലിൽ തമിഴ്നാട്-ആന്ധ്രാ തീരത്തോടു ചേർന്ന് വെള്ളിയാഴ്ചയോടെ മറ്റൊരു ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്. ഇതു ശക്തിപ്രാപിച്ച് കരയിലേക്കു കടന്നേക്കും. രണ്ടു ന്യൂനമർദങ്ങളും കേരളത്തിൽ മഴ ശക്തമാകാനിടയാക്കും.