തിരുവനന്തപുരം: നിത്യേന അഴിമതി കഥകള്‍ മാത്രം കേള്‍ക്കാറുള്ള കേരളത്തില്‍ ഭക്ഷ്യവസ്തുക്കള്‍ക്കുപോലും രക്ഷയില്ല. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന നിലച്ചതോടെ പാല്‍ ഉള്‍പ്പടെ മായം കലര്‍ന്ന ഭക്ഷ്യവസ്‌തുക്കള്‍ സംസ്‌ഥാനത്തേക്ക് ഒഴുകുന്നതായി റിപ്പോര്‍ട്ട്. കൂടാതെ മായം കലര്‍ന്ന പാല്‍, ധാന്യം, കറിപൗഡര്‍, വെളിച്ചെണ്ണ എന്നിവ ഹോട്ടലുകളില്‍ ഉള്‍പ്പെടെ വിതരണം ചെയ്യുന്ന സംഘം സംസ്‌ഥാനത്തു സജീവമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇപ്പോള്‍ ഹോട്ടലുകളില്‍ നടത്തി വന്നിരുന്ന പരിശോധനയും നിര്‍ത്തിവച്ചിരിക്കുകയാണ്. മായം കലര്‍ന്ന ഭക്ഷ്യവസ്‌തുക്കളും വ്യാജപാലും അമിതമായി ഉപയോഗിക്കുന്നതു മൂലം ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്ന അനേകായിരങ്ങള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നത്തിലാണ്.
കരള്‍ രോഗം വരുത്തിവയ്ക്കുന്ന തരത്തിലുള്ള മായം ചേര്‍ന്ന വെളിച്ചെണ്ണയാണ് കടകളില്‍ ലഭിക്കുന്നതും ഹോട്ടലുകളില്‍ ഉപയോഗിക്കുന്നതും . ഹോട്ടല്‍ ഭക്ഷണത്തെക്കുറിച്ച് ആക്ഷേപമുള്ളവര്‍ക്ക് അറിയിക്കാനുള്ള ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പര്‍ പലപ്പോഴും പ്രവര്‍ത്തനരഹിതവുമാണ്.
ഭക്ഷ്യസുരക്ഷാ വകുപ്പും തദ്ദേശ സ്വയംഭരണസ്‌ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും നടത്തി വന്ന പരിശോധനകളാണു കുറേ നാളായി നിലച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ഹോട്ടലുകളില്‍ ഏറെയും വീണ്ടും പഴയപടിയായി. തുടര്‍ച്ചയായ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കിയതോടെ പല ഹോട്ടലുകളും ലൈസന്‍സ് പോലുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതു്.
അടിക്കടി ഹോട്ടല്‍ പരിശോധന നടന്നിരുന്നതിനാല്‍ ഹോട്ടലുകളുടെ നിലവാരം ഉയര്‍ന്നിരുന്നു. പരിശോധനകള്‍ സാധാരണ ഹോട്ടലുകള്‍ വിട്ട് നക്ഷത്ര ഹോട്ടലുകളിലേക്ക് കടന്നതോടെ ഭക്ഷ്യ സുരക്ഷാ വകുപ്പിനു മേല്‍ സമ്മര്‍ദം തുടങ്ങി. സംസ്‌ഥാനത്തെ നിരവധി പ്രമുഖ ഹോട്ടലുകളില്‍ നിന്നു പഴകിയ ഭക്ഷണം പിടിക്കുകയും ചെയ്‌തിരുന്നു.
പരിശോധന കര്‍ശനമാക്കിയതോടെ ഹോട്ടലുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. പിന്നീട് പരിശോധനകളുടെ എണ്ണം കുറയുകയും ഇപ്പോള്‍ പരിശോധന പൂര്‍ണമായി നിലയ്‌ക്കുകയും ചെയ്‌തതിനെത്തുടര്‍ന്നാണ് ഭൂരിപക്ഷം ഹോട്ടലുകളും വീണ്ടും പഴപടിയിലേക്ക് എത്തിയിരിക്കുന്നത്.
ജന്മനാട് എന്ന സ്വപ്‌നവുമായി കേരളം സന്ദര്‍ശിക്കുന്ന പ്രവാസികള്‍ക്ക് മനസ്സുറപ്പിച്ച് ഒരുനേരത്തെ ആഹാരം കഴിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതു്.