മദ്യനയം ഹൈക്കോടതി ശരിവെച്ചു. ഇനി ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രം

സംസ്ഥാനത്ത് തുറന്നിരിക്കുന്ന 300 ബാറുകള്‍ ഇന്ന് പൂട്ടും. മദ്യം മൗലീക അവകാശമല്ലെന്ന് കോടതി. മദ്യഉപഭോഗം കുറക്കുകയെന്ന സര്‍ക്കാരിന്റെ നയം ശരി. സര്‍ക്കാരിന്റെ മദ്യനിയത്തില്‍ അപാകതയില്ലെന്ന് കോടതി ബാറുടമകള്‍ അപ്പീലുമായി സുപ്രീം കോടതിയിലേക്ക്. മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് സര്‍ക്കാര്‍ മദ്യനയം രൂപീകരിച്ചത്. ടൂറിസം മാത്രമല്ല; ജനങ്ങളുടെ ക്ഷേമവും സര്‍ക്കാരിന്റെ പരിഗണനാ വിഷയമെന്ന് കോടതി

കൊച്ചി: കേരള സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി ശരിവെച്ചു. ഇനി കേരളത്തില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് നല്‍കൂ എന്ന സര്‍ക്കാരിന്റെ നയമാണ് കോടതി ശരിവെച്ചത്. ഇതോടെ സംസ്ഥാനത്ത് ഇനി 24 ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രം. ജസ്റ്റിസ് കെ.ടി. ശങ്കരനും ജസ്റ്റിസ് ബാബു മാത്യു പി. ജോസഫും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. സിംഗിള്‍ ബഞ്ചിന്റെ വിധി റദ്ദാക്കിക്കൊണ്ട് ഡിവിഷന്‍ ബഞ്ച് വിധി പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ നയത്തില്‍ ഇടപെടാനാകില്ലെന്ന് കോടതി പറഞ്ഞു. ജനങ്ങളുടെ നന്മയാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. മദ്യപിക്കുക ആളുകളുടെ മൗലിക അവകാശം അല്ല. വീര്യം കുറഞ്ഞ മദ്യത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കണം എന്ന സര്‍ക്കാര്‍ നിര്‍ദേശം കോടതി അംഗീകരിച്ചു. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ബാറുടമകള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കോടതി പറഞ്ഞു.

2015 മാര്‍ച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തെ മദ്യനയത്തെ ചോദ്യം ചെയ്യുന്നതാണ് ബാറുടമകള്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്. ഫൈവ് സ്റ്റാര്‍ പദവിയുള്ളവയ്ക്ക് മാത്രം ബാറിന് അനുമതിക്ക് വ്യവസ്ഥ ചെയ്യുന്ന കേരള വിദേശമദ്യ ചട്ടത്തിലെ ഭേദഗതിയേയും ബാറുടമകള്‍ ചോദ്യം ചെയ്യ്തിരുന്നു.

Loading...

ഫൈവ് സ്റ്റാറിനു പുറമെ ഫോര്‍ സ്റ്റാറിനും ഹെറിറ്റേജ് ഹോട്ടലുകള്‍ക്കും ബാര്‍ അനുമതി നല്‍കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. അതിനെതിരെയാണ് സര്‍ക്കാറിന്റെ അപ്പീല്‍. മദ്യോപയോഗം ഘട്ടം ഘട്ടമായി കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബാര്‍ ഫൈവ് സ്റ്റാറിന് മാത്രമായി പരിമിതപ്പെടുത്തിയതെന്നും അത് നയ തീരുമാനമാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചിരുന്നു.

നിലവാരമില്ലാത്തിന്റെ പേരില്‍ ബാറിന് അനുമതി നിഷേധിക്കപ്പെട്ടതിനെതിരെ 418 ഹോട്ടലുടമകളും കോടതിയില്‍ തങ്ങളുടെ വാദം ഉന്നയിച്ചു. ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ എന്നിങ്ങനെ ഇനം തിരിച്ച് ബാര്‍ അനുവദിക്കുന്നത് വിവേചനമാണെന്നും നിയമവിരുദ്ധമാണെന്നുമാണ് ബാറുടമകളുടെ വാദം. സുപ്രീംകോടതിയുടെ അഭിഭാഷകനായ അരിയാമ സുന്ദരമാണ് ബാറുടമകള്‍ക്ക് വേണ്ടി വാദിച്ചത്. സര്‍ക്കാറിനു വേണ്ടി സുപ്രീംകോടതിയില്‍ നിന്ന് കപില്‍ സിബല്‍ എത്തിയാണ് വാദിച്ചത്.