പിണറായി സർക്കാർ 1000 ദിനം ആഘോഷിക്കാൻ പൊടിക്കുന്ന 9 കോടി, പ്രളയ നാടുകളിൽ ആ പണം കിട്ടിയിരുന്നേൽ

ഒരു വശത്ത് മറ്റുള്ളവരിൽ നിന്നും പ്രളയ കെടുതിക്ക് ദാനം ചോദിക്കും. ജനത്തോട് മുണ്ട് വരിഞ്ഞു മുറുക്കി ഉടുക്കാൻ പറയും. എന്നാൽ സംസ്ഥാനസര്‍ക്കാരിന്റെ ആയിരംദിനാഘോഷത്തിന് ചെലവിടുന്നത് ഒമ്പതുകോടി രൂപ. 20 മുതല്‍ 27 വരെ എല്ലാ ജില്ലകളിലും നടക്കുന്ന ആഘോഷപരിപാടികള്‍ക്കാണ് ഇത്രയുംതുക അനുവദിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടാണ് ഈ ആഘോഷങ്ങള്‍. ഒരു കുറവും വരുത്താതെ തന്നെ എല്ലാം നടത്താനാണ് തീരുമാനം. ഇതിനെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള ഇടതുപക്ഷ വേദിയാക്കി മാറ്റും. ജില്ലാ തലത്തില്‍ നവോത്ഥാന സംഗമങ്ങളും നടത്തുന്നുണ്ട്. സമുദായ നേതാക്കളെ മുമ്പില്‍ നിര്‍ത്തിയുള്ള പിണറായി വിജയന്റെ വോട്ട് പിടിത്തമാകും ഇതും. ഇവിടേയും പണമൊഴുക്കാന്‍ സര്‍ക്കാരിന് മടിയില്ല. സ്‌കൂള്‍ കലോത്സവത്തിലും കായികമേളയിലും ചലച്ചിത്ര മേളയിലും എല്ലാം ഇത് നടപ്പാക്കി. എന്ത് വന്നാലും ചെലവ് ചുരുക്കുമെന്ന് വീമ്പു പറച്ചിലിനും ഒട്ടും കുറവില്ലായിരുന്നു.

സാലറിചലഞ്ച് നടത്തിയും കലാമേളയില്‍ ആര്‍ഭാടംകുറച്ചും ചെലവുചുരുക്കിയ സര്‍ക്കാരാണ് ആയിരം ദിനത്തിന് കോടികള്‍ ചെലവിടുന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്. സെമിനാറുകളും കലാപരിപാടികളും നടത്തുന്നതിന് ലക്ഷങ്ങളാണ് ചെലവിടുന്നത്. പ്രളായനന്തര പുനരധിവാസം എങ്ങുമെത്താത്ത സാഹചര്യത്തിലുള്ള ആഘോഷത്തിന് ഇതിനകം വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങളൊക്കെ ഒരു വഴിയ്ക്കു നടക്കുമെന്ന ഭാവത്തിലാണ് സര്‍ക്കാര്‍ മുമ്പോട്ടു പോകുന്നത്.

Loading...

അടിച്ചു പൊളിച്ചു തന്നെ എല്ലാം ആഘോഷിക്കും. മന്ത്രിസഭയുടെ വാര്‍ഷികം ആഘോഷിക്കുന്ന പതിവ് കേരളത്തില്‍ എക്കാലത്തും ഉണ്ട്. എന്നാല്‍ ആയിരം ദിവസങ്ങള്‍ ആരും ആഘോഷിച്ച കീഴ്‌വഴക്കമില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ 100 ദിവസം ആഘോഷിച്ചിരുന്നു. അതും നൂറു ദിന കര്‍മ്മ പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു. എന്ന് ഉമ്മന്‍ ചാണ്ടി റിപ്പോര്‍ട്ട് കാര്‍ഡും അവതരിപ്പിച്ചു. എന്നാല്‍ ഇത്തരം സര്‍ക്കാര്‍ തല വിലയിരുത്തലൊന്നും പിണറായി സര്‍ക്കാരിന്റെ 1000 ദിന ആഘോഷത്തില്‍ ഉണ്ടാകില്ല. സിപിഎമ്മിന് വേണ്ടപ്പെട്ടവരെ വേദിയില്‍ എത്തിക്കുകയാണ് ലക്ഷ്യം.

കലാപരിപാടികള്‍ നടത്തുന്നതിനായി ഓരോ ജില്ലയിലെയും കളക്ടര്‍മാര്‍ക്ക് അനുവദിക്കുന്നത് അഞ്ചുലക്ഷം രൂപയാണ്. ഉദ്ഘാടനച്ചടങ്ങിനും സമാപനച്ചടങ്ങിനുമായി 40 ലക്ഷംരൂപയും ചെലവാക്കുന്നുണ്ട്. ജില്ലകളില്‍ വികസനസെമിനാറുകള്‍ നടത്തുന്നതിന് മൂന്നുലക്ഷംരൂപ വീതവും അനുവദിക്കുന്നുണ്ട്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനാണ് ഇതെല്ലാം. ലോക്സഭയില്‍ ഇടതുപക്ഷത്തിന് വേണ്ടിയുള്ള സര്‍ക്കാര്‍ തല പ്രചരണമായി ഇത് മാറും. ഇതിനൊപ്പം നവോത്ഥാന സദസുകളും ജില്ലാ അടിസ്ഥാനത്തില്‍ ചേരും. സര്‍ക്കാര്‍ പരിപാടി പോലെ ഇതും സംഘടിപ്പിക്കാനാണ് തീരുമാനം.

ഇതിനും ഖജനാവില്‍ നിന്ന് തന്നെ പണം ഒഴുകും. പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള വിവിധവകുപ്പുകളുടെ പ്രദര്‍ശനം നടത്തുന്നതിന് നാലുകോടി, മീഡിയ കാമ്പയിനായി പി.ആര്‍.ഡിക്ക് രണ്ടുകോടി, മീഡിയ കോണ്‍ക്ലേവിന് എല്ലാ ജില്ലകള്‍ക്കും 10 ലക്ഷംവീതം, കേന്ദ്രീകരിച്ച പ്രചാരണ കലാപരിപാടികള്‍ക്ക് മൂന്നുലക്ഷം വീതം എന്നിങ്ങനെയാണ് തുക ചെലവിടുന്നത്. ഈ മാസം 20ാണ് സര്‍ക്കാര്‍ ആയിരംദിനം പൂര്‍ത്തീകരിക്കുന്നത്. പ്രളയത്തിലകപ്പെട്ട ലക്ഷക്കണക്കിനാളുകള്‍ ദുരിതമനുഭവിക്കുമ്പോഴാണ് ആദര്‍ശം പറച്ചിലിന് ഒരു കുറവുമില്ലാത്ത മുഖ്യമന്ത്രിയും സര്‍ക്കാരും പണം ധൂര്‍ത്തടിക്കുന്ന പദ്ധതികളുമായി അതിവേഗം ബഹുദൂരം മുമ്പോട്ടു പോയിക്കൊണ്ടിരിക്കുന്നത്.