കേന്ദ്ര നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥര്‍; കേരള ഗവര്‍ണര്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയില്‍ നിന്ന് കേരളത്തിന് മാറിനില്‍ക്കാനാവില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൗരത്വ നിയമ ഭേദഗതി കേരളത്തിലും നടപ്പാക്കേണ്ടി വരുമെന്ന് ഗവര്‍ണര്‍ സൂചിപ്പിച്ചു. ഭരണഘടന അനുസരിച്ച്‌ കേന്ദ്രനിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കുറിച്ച്‌ അഭിപ്രായം പറയേണ്ടത് രാഷ്ട്രീയക്കാരാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. പൗരത്വം ഏതെങ്കിലും ഒരു സമുദായത്തെ ലക്ഷ്യം വച്ചുളളതല്ലെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

Loading...

പൗരത്വ നിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് തൃശൂരില്‍ ഇന്നലെയും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു. കേരളത്തിലുള്ളവരുടെ മാതാപിതാക്കളും പിതാമഹന്‍മാരും അഫ്ഗാനിസ്ഥാനിലോ പാകിസ്ഥാനിലോ ബംഗ്ലാദേശിലോ നിന്ന് കടന്നുവന്നവരാണോയെന്ന് പരിശോധിക്കേണ്ട കാര്യം ഉയര്‍ന്നുവരുന്നതേയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങളുടെ അച്ഛന്റെ അച്ഛന്റെ ജീവിതം ഇവിടെത്തന്നെ ആയിരുന്നുവെന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞാല്‍ അത് ഈ കേരളത്തില്‍ ബാധകമല്ല എന്നുതന്നെയാണ് പറയാനുള്ളത്. പൗരത്വ നിയമഭേദഗതി കേരളത്തില്‍ നടപ്പാക്കാമെന്ന് ആരും കണക്കാക്കേണ്ട. നിയമത്തിന്റെ ബലം വെച്ച്‌ എന്തും കാണിച്ചുകളയാം എന്ന ഹുങ്ക് നല്ലതല്ല എന്നുമാത്രമേ പറയാനുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ ഭരണഘടന നല്‍കുന്ന ഉറപ്പ് മതനിരപേക്ഷതയാണ്. മതനിരപേക്ഷ രാഷ്ട്രമാണ് ഇന്ത്യ. മതാടിസ്ഥാനത്തില്‍ ആളെ പരിശോധിക്കാനാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. അത് ആപത്താണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.