ഇനി ഒരു യുവതിയും പ്രവേശിക്കെണ്ട; ഇനി എത്തുന്നവരെ പോയ മണ്ഡലകാലത്ത് ആചാര ലംഘനത്തിന് വഴിയൊരുക്കിയ സര്‍ക്കാര്‍ തന്നെ തടയും

തിരുവനന്തപുരം: ശബരിമല പുന പരിശോധനാ ഹര്‍ജിയില്‍ വിധി പറയുന്നത് ഏഴംഗ ബെഞ്ചിന് വിട്ട സുപ്രീംകോടത് നടപടിക്ക് പിന്നാലെ ഈ മണ്ഡലകാലവും വിഷയങ്ങള്‍ ഉണ്ടാകുമെന്നാണ് വിവരം. ഇന്നലെ ഏഴംഗ ബെഞ്ചിന് വിധി പറയുന്നത് വിട്ട കോടതി നടപടിക്ക് പിന്നാലെ ശബരിമലയില്‍ കയറുമെന്ന് പ്രഖ്യാപിച്ച് തൃപ്തി ദേശായി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ തത്ക്കാലം യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

യുവതിപ്രവേശ വിധിക്ക് സ്റ്റേയില്ലെങ്കിലും യുവതികളെത്തിയാല്‍ വിധിയിലെ സങ്കീര്‍ണത ചൂണ്ടിക്കാട്ടി പ്രവേശനം തടയാനാണ് സര്‍ക്കാരിന്റെ നീക്കം എന്നാണ് വിവരം. ഇതുസംബന്ധിച്ച് സുപ്രീംകോടതി അഭിഭാഷകനോട് സര്‍ക്കാര്‍ നിയമോപദേശം തേടും. തുടര്‍ നടപടികള്‍ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചചെയ്യും. ശബരിമല യുവതീ പ്രവേശത്തിന്‍ മേലുള്ള പുനഃപരിശോധന ഹര്‍ജിയില്‍ തീരുമാനമെടുക്കാതെയും വിധി സ്റ്റേ ചെയ്യാതെയും വിശാല ബെഞ്ചിലേക്ക് വിഷയം പോയതോടെയാണ് സര്‍ക്കാരിന് ആശയകുഴപ്പമുണ്ടായത്.

Loading...

കഴിഞ്ഞ വര്‍ഷം ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കുമെന്ന പിണറായി സര്‍ക്കാരിന്റെ നിലപാടിനെതിരെ സംസ്ഥാനത്തെ ഭക്തര്‍ക്കിടയില്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് വിവാദമാവുകയും ലോക്‌സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പിനെ ഇത് പ്രതികൂലമായി ബാധിക്കുകയും കേസ് ഏഴംഗ ബെഞ്ചിന് കൈമാറുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് മാറ്റാന്‍ ഒരുങ്ങുന്നത്.

അതേസമയം ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി സുപ്രീം കോടതി പുനപ്പരിശോധിക്കും. ഇക്കാര്യം ഏഴംഗ ബെഞ്ച് പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഏഴംഗ ബെഞ്ച് പരിഗണിക്കണമെന്ന് ഭൂരിപക്ഷ വിധിയിലൂടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പറഞ്ഞു.

മതവിശ്വാസത്തിന്റെ അവിഭാജ്യ ഘടകം എന്ത് എന്ന സംവാദം പുനരുജ്ജീവിപ്പിക്കാനാണ് ഹര്‍ജിക്കാര്‍ ശ്രമിച്ചതെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ വിശാല ബെഞ്ച് പരിശോധന നടത്തണം. ആരാധനാലയങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച വിഷയം ശബരിമലയില്‍ മാത്രം ഒതുങ്ങില്ല. മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന വിഷയവും പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഏഴംഗ ബെഞ്ചിനു വിടാനുള്ള തീരുമാനത്തോട് ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാനും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും വിയോജിച്ചു. മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനത്തെ ഇതിനോടു ചേര്‍ത്തുവയ്ക്കുന്നതിനെ വിയോജിപ്പു വിധിയില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് എതിര്‍ത്തു.

ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ എഎന്‍ ഖാന്‍വില്‍ക്കര്‍, റോഹിങ്ടണ്‍ നരിമാന്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചത്. ഇവരില്‍ ചീഫ് ജസ്റ്റിസ് ഒഴികെ നാലു പേരും ശബരിമല കേസില്‍ വിധി പറഞ്ഞ ബെഞ്ചില്‍ അംഗങ്ങളായിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയായിരുന്നു ബെഞ്ചിലെ അഞ്ചാമന്‍. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഒഴികെയുള്ളവര്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ചാണ് വിധിയെഴുതിയത്.