സംസ്ഥാനത്തെ ഏഴു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് റെഡ് അലർട്ട് . അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് കേരളത്തിൽ അടുത്ത അഞ്ചു ദിവസങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള ജില്ലകളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകി.

അതിശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. പ്രളയ സമാനമായ സാഹചര്യം കണക്കിലെടുത്ത് മുൻകരുതലുകൾ സ്വീകരിക്കാനും നിർദേശമുണ്ട്. ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. എറണാകുളം ജില്ലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. കൊച്ചിയിൽ നാളെ വരെ വൈദ്യുതി മുടങ്ങും.