സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും: 5 ജില്ലകളിൽ യെല്ലോ അലർട്ട്: മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യത

തിരുവനന്തപുരം: അംഫന്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കേരളത്തിലും ശക്തമായ മഴ തുടരുന്നു. വേനല്‍മഴയോടനുബന്ധിച്ച്‌ ശക്തമായ മഴ പെയ്യുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്തമഴയ്ക്കുളള സാധ്യതയുണ്ട്.

2020 മെയ് 22 : പത്തനംതിട്ട ,ആലപ്പുഴ,ഇടുക്കി.
2020 മെയ് 24 : ആലപ്പുഴ,മലപ്പുറം.
2020 മെയ് 25 : മലപ്പുറം,വയനാട്.
2020 മെയ് 26 : കോഴിക്കോട്,വയനാട്

Loading...

ഒറ്റപ്പെട്ടയിടങ്ങളിൽ ദിവസം 64.5 എംഎം മുതൽ 115.5 എംഎം വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. യെല്ലോ അലർട്ട് പ്രകാരം ജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സൗകര്യങ്ങളൊരുക്കി ജാഗ്രത പാലിക്കേണ്ടതാണ്. മഴയോടനുബന്ധിച്ച്‌ പൊടുന്നനെ വീശിയടിക്കുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 30 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്.മെയ് 24 വരെ ഇടിമിന്നലോട് കൂടിയ മഴയും കാറ്റും തുടരുമെന്നാണ് ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നത്.

അതേസമയം തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുകയാണ്. മഴയെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തേക്കുംമൂട് ഭാഗത്ത് വീടുകളില്‍ വെള്ളം കയറി. കരിപ്പൂര്‍, നെടുമങ്ങാട് ഭാഗങ്ങളില്‍ വീടുകളിലും കോവളം, വെങ്ങാനൂര്‍ ഭാഗങ്ങളില്‍ കൃഷിയിടങ്ങളിലും വെള്ളം കയറി. നെയ്യാര്‍ഡാമിലെ ഫിഷറീസ് അക്വേറിയം വെള്ളത്തില്‍ മുങ്ങി. കാറ്റിലും മഴയിലും ഉഴമലയ്ക്കല്‍ പഞ്ചായത്തില്‍ വ്യാപക കൃഷിനാശമാണ് ഉണ്ടായത്. കനത്തമഴയെത്തുര്‍ന്ന് ചിറ്റാര്‍ കരകവിഞ്ഞു. ആനാട് പഞ്ചായത്തില്‍ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. കിള്ളിയാറും കരകവിഞ്ഞ് ഒഴുകുകയാണ്.