സംസ്ഥാനത്ത് കനത്ത നാശംവിതച്ച് മഴ; ഇടുക്കിയിൽ വൻ നാശനഷ്ടം: മലപ്പുറത്ത് റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത നാശം വിതച്ച് മഴ ആർത്തിരമ്പുന്നു. ഇന്നലെ രാത്രി പെയ്ത മഴ വടക്കൻ ജില്ലകളിലും ഇടുക്കിയടക്കമുള്ള ഹൈറേഞ്ച് ജില്ലകളിലും വൻനാശമാണ് വിതച്ചത്. ഹൈറേഞ്ചിലെമ്പാടും എത്രയോ മണിക്കൂറുകളായി തോരാതെ പെരുമഴ പെയ്യുന്നു. അക്ഷരാര്‍ത്ഥത്തില്‍ മേഘവിസ്‌ഫോടനത്തോട് സമാനമായ അവസ്ഥയാണെന്നാണ് ഇടുക്കിയിലെ പ്രദേശ വാസികൾ പറയുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചെറുതും വലുതുമായ നിരവധി ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിരിക്കുന്നു. ധാരാളം വീടുകള്‍ തകര്‍ന്നു. പെരിയാര്‍ ഉള്‍പ്പെടെ എല്ലാ നദികളും കരകവിഞ്ഞിരിക്കുകയാണ്. വണ്ടിപ്പെരിയാറ്റിലും ചപ്പാത്തിലും ഉപ്പുതറയിലുമെല്ലാം വീടുകളിലും കടകളിലും വെള്ളംകയറി. ഏലപ്പാറ ടൗണും വെള്ളത്തിലായി.

കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ പൂര്‍ണ്ണമായി തുറന്നിട്ടിരിക്കുകയാണ്. മുല്ലപ്പെരിയാര്‍-ഇടുക്കി ഡാമുകളിലും പേടിപ്പെടുത്തുന്ന തരത്തില്‍ ജലനിരപ്പ് ഉയരുന്നു. ജില്ലയിലെ മിക്കവാറും എല്ലാ റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു കിടക്കുകയാണ്. നിരവധിപ്പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇന്നും വിവിധ ജില്ലകളിൽ കനത്ത ജാഗ്രതാനിർദേശം തുടരുകയാണ്. ഇന്ന് മലപ്പുറം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

Loading...

ലപ്പുറം ജില്ലയിൽ റെഡ് അലർട്ടാണ്. ഇവിടെ അതിതീവ്രമഴയ്ക്ക് തന്നെ സാധ്യതയുണ്ട്. കഴിഞ്ഞ മഹാപ്രളയവും 2019-ലെ വെള്ളപ്പൊക്കവും കനത്ത നാശം വിതച്ച നിലമ്പൂരിൽ അതീവജാഗ്രതയാണ് നിലനിൽക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.  കേരളാതീരത്ത് മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. മീൻപിടുത്തക്കാർ യാതൊരുകാരണവശാലും കടലിൽ പോകരുത്. നദിതീരങ്ങളിലുള്ളവരും, തീരപ്രദേശങ്ങളിലും മലയോരമേഖലകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്‍റെ പ്രഭാവമാണ് കേരളത്തിൽ ഇപ്പോൾ കാലവർഷം സജീവമാകാൻ കാരണം. ഞായറാഴ്ച വരെ കേരളത്തിൽ ശക്തമായ മഴ തുടരും. അതേസമയം, ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം രൂപപ്പെട്ടേക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

മഴ കനക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി എല്ലാവരും അതീവജാഗ്രത പുലർത്തണമെന്നും ജില്ലാ ഭരണകൂടം നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിൽ പലയിടങ്ങളിലും മഴ ശക്തമാവുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തിയേ തീരൂ. സർക്കാരും ജില്ലാ ഭരണകൂടവും നൽകുന്ന സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. അപകട സാധ്യതയുള്ള മേഖലകളിൽ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറുക. ഈ ഘട്ടത്തിൽ ജനങ്ങളുടെ ജാഗ്രതയും സഹകരണവുമാണ് ഏറ്റവും അനിവാര്യം. അക്കാര്യങ്ങളിൽ ആരും ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാതിരിക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.