സംസ്ഥാനത്ത് കനത്ത മഴ, അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്താകെ ഇടിമിന്നലോടുകൂടിയ കനത്ത മഴ. മന്‍ദൂസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ കേരളത്തിൽ പലയിടങ്ങളിലും മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നേ അറിയിച്ചിരുന്നു. മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്.

ശനിയാഴ്ച രാത്രി മുതല്‍ തെക്കന്‍ ജില്ലകളില്‍ പെയ്യുന്ന മഴയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്നലെ രാത്രി തുടങ്ങിയ ഇടവിട്ടുള്ള മഴ പലയിടത്തും തുടരുകയാണ്. മലയോര മേഖലയിലെല്ലാം ശക്തമായ മഴയുണ്ട്. അതേസമയം, ഇതുവരെ എവിടേയും മണ്ണിടിച്ചിലോ മറ്റ് അനിഷ്ടസംഭവങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രണ്ടു ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

Loading...

മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഡിസംബര്‍ 12-നും ഡിസംബര്‍ 13-നും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.