ആരെക്കുറിച്ചും എന്തും പറയാമെന്നാണോ കരുതുന്നത്… പി.സി ജോര്‍ജിനെതിരെ ഹൈക്കോടതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പേര് വെളിപ്പെടുത്തിയ പി.സി ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആരെക്കുറിച്ചും എന്തും പറയാമെന്നാണോ കരുതുന്നതെന്നും പി.സി ജോര്‍ജിനോട് കോടതി ചോദിച്ചു.

സ്വന്തം കുടുംബത്തിലുള്ളവരെക്കുറിച്ച് ഈ പരാമര്‍ശം നടത്തുമോയെന്നും ചോദിച്ച കോടതി പി.സി ജോര്‍ജിന്റെ ആവശ്യം തള്ളി. ഇതോടെപി.സി ജോര്‍ജ് ഹര്‍ജി പിന്‍വലിച്ചു.

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് തനിയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ചാണ പി.സി ജോര്‍ജ്ജ് കോടതിയെ സമീപിച്ചത്.

നടിയുടെ പേര് വെളിപ്പെടുത്തിയതിനും നടിയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനും നെടുമ്പാശ്ശേരി പൊലീസാണ് പി സി ജോര്‍ജ്ജിനെതിരെ കേസെടുത്തത്.