സ്വന്തം നഗ്ന ചിത്രങ്ങളും വീഡിയോയും കൈവശം വയ്ക്കുന്നത് കുറ്റകരമല്ല… പ്രചരിപ്പിച്ചാല്‍ കുടുങ്ങുമെന്ന് ഹൈക്കോടതി

കൊച്ചി: സ്വന്തം നഗ്ന ചിത്രങ്ങളും വീഡിയോയും കൈവശം വെക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. എന്നാല്‍ ഇത്തരം ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുന്നതും വിൽക്കുന്നതുമാണ് കുറ്റകരമെന്നും കോടതി പറഞ്ഞു.

സ്വകാര്യ വ്യക്തിയുടെ ഹർജി പരിഗണിച്ചാണ് കോടതി പരാമർശം. 2008 ൽ കൊല്ലം കെഎസ്ആർടിസി സ്റ്റാന്റിൽ ബസ് കാത്ത് നിന്ന യുവതിയെയും യുവാവിനെയും പൊലീസ് പരിശോധിക്കുകയും ഇവരുടെ കൈയ്യിലുണ്ടായിരുന്ന ഡിജിറ്റൽ ക്യാമറ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

പിടിച്ചെടുത്ത ക്യാമറ പരിശോധിച്ചപ്പോൾ അതിൽ നിന്നും യുവതിയുടെ ലൈംഗിക സ്വഭാവ ചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തു. സ്ത്രീയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പേരിൽ യുവാവിനെ ഒന്നാം പ്രതിയും യുവതിയെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

എന്നാൽ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്യാത്തതിനാൽ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി യുവാവും യുവതിയും ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു.