സ്പ്രിന്‍ക്ലര്‍ ഇടപാടില്‍ കര്‍ശന ഉപാധികളോടെ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി

കൊച്ചി: സ്പ്രിന്‍ക്ലര്‍ ഇടപാടില്‍ കര്‍ശന ഉപാധികളോടെ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. ഡാറ്റ അപ്ലോഡ് ചെയ്യുന്നതിന് വ്യക്തികളുടെ അനുമതി വാങ്ങിയിരിക്കണം, കമ്പനിക്ക് ഒരു കാരണവശാലും വ്യക്തികളെ തിരിച്ചറിയാന്‍ കഴിയരുത്, വ്യക്തികളുടെ രഹസ്യാത്മകത ഉറപ്പാക്കണം, കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പരസ്യം നല്‍കാന്‍ പാടില്ല, കേരള സര്‍ക്കാരിന്റെ മുദ്രയും പേരും ഉപയോഗിക്കാന്‍ പാടില്ല, കരാര്‍ കാലാവധിക്ക് ശേഷം മുഴുവന്‍ ഡേറ്റയും തിരികെ നല്‍കണം, സെക്കന്ററി ഡാറ്റകള്‍ കമ്പനിയുടെ കയ്യിലുണ്ടെങ്കില്‍ നശിപ്പിച്ചു കളയണം തുടങ്ങിയ ഉപാധികളോടെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് കോടതിക്ക് കരാറുമായി മുന്നോട്ടുപോകാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

സ്വകാര്യതാ ലംഘനമുണ്ടായാല്‍ സ്പ്രിന്‍ക്ലര്‍ കമ്പനിയെ വിലക്കുമെന്ന് വ്യക്തമാക്കിയാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി.ആര്‍ നീലകണ്ഠന്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ശേഖരിക്കുന്ന ഡാറ്റ സ്പ്രിന്‍ക്ലറിനു കൈമാറുമെന്ന് സര്‍ക്കാര്‍ ജനങ്ങളെ അറിയിക്കണം. ഡാറ്റ ശേഖരിക്കും മുമ്പ് ജനങ്ങളുടെ സമ്മതം വാങ്ങണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഡാറ്റ അനാലിസിസിനായി സംസ്ഥാന സര്‍ക്കാര്‍ എങ്ങനെയാണ് സ്പ്രിന്‍ക്ലറിനെ കണ്ടെത്തിയത് എന്ന കാര്യത്തില്‍ വ്യക്തതക്കുറവുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്പ്രിന്‍ക്ലറിന്റെ വിശ്വാസ്യത എന്തെന്ന് സംസ്ഥാന സര്‍ക്കാര്‍ പോലും വിശദീകരിക്കുന്നില്ല. സ്വാഭാവികമായും കോടതി ഇക്കാര്യത്തില്‍ ഇടപെടേണ്ടതാണ്. എന്നാല്‍ കോവിഡിനെതിരായ പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ കോടതി ഇതില്‍ ഇടപെടുന്നില്ല. സ്പ്രിന്‍ക്ലറെക്കൂടാതെ കോവിഡ് പ്രതിരോധം മുന്നോട്ടുപോവില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. കോവിഡ് പോരാട്ടത്തില്‍ കോടതി ഇടപെടുന്നു എന്ന വ്യാഖ്യാനത്തിന് ഇടകൊടുക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കേസ് മൂന്നാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.

Loading...

ആവശ്യമായി സുരക്ഷാ മുന്‍കരുതല്‍ എടുത്താണ് ഡാറ്റാ അനാലിസിനായി സ്പ്രിന്‍ക്ലറിന് വിവരങ്ങള്‍ കൈമാറുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഡി ഐഡന്റിഫിക്കേഷന്‍, മാസ്‌കിങ് തുടങ്ങിയ സുരക്ഷാ രീതികള്‍ പിന്‍തുടര്‍ന്നുകൊണ്ടാണ് വിവരങ്ങള്‍ കൈമാറുന്നതെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ എന്‍എസ് നപ്പിനൈ കോടതിയെ അറിയിച്ചു. അനോണിമൈസേഷന്‍, മാസ്‌കിങ് തുടങ്ങിയ ഡീ ഐഡന്റിഫിക്കേഷന്‍ രീതികള്‍ അവലംബിച്ചു മാത്രമേ മൂന്നാം കക്ഷിക്കു ഡാറ്റ കൈമാറാനാവൂ എന്ന് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് സംസ്ഥാനം ഇക്കാര്യം വിശദീകരിച്ചത്. സ്പ്രിന്‍ക്ലറിന് വ്യക്തികളുടെ പേരുകളോ വിലാസമോ ഇതുവരെ നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.