ശബരിമലയില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് ഹർജി…ഇനി ഹരിവരാസനം മാറ്റിപ്പാടിക്കേണ്ടി വരുമോയെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല ക്ഷേത്രത്തില്‍ ഹിന്ദുമതസ്ഥരല്ലാത്തവരെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഹർജി നല്‍കിയ തൃശൂര്‍ സ്വദേശിയെ വിമര്‍ശിച്ച് ഹൈക്കോടതി. ഊരകം സ്വദേശി ഗോപിനാഥന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

ഇതര മത വിഭാഗങ്ങള്‍ക്ക് ശബരിമലയില്‍ നിരോധനമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ശബരിമല ക്ഷേത്രം മതനിരപേക്ഷ ക്ഷേത്രമാണെന്നും കോടതി നിരീക്ഷിച്ചു.
യേശുദാസ് പാടിയ ഹരിവരാസനം മാറ്റിപ്പാടിക്കേണ്ടി വരുമോയെന്നും കോടതി ചോദിച്ചു.

Loading...

ഇത്തരം ഹരജികള്‍ നിയമപരമായി നിലനില്‍ക്കില്ല. ശബരിമല വ്യത്യസ്തമായ അനുഷ്ഠാനങ്ങളുള്ള സ്ഥലമാണ്. ശബരിമലയിലെ മതനിരപേക്ഷ സംവിധാനത്തിന് പോറല്‍ വരുത്താന്‍ ആരും ശ്രമിക്കരുതെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

ഹരിവരാസനത്തെ മന്ത്രമായി കാണരുതെന്നും അതിന് ക്ഷേത്രാചാരവുമായി ബന്ധമില്ലെന്നുമായിരുന്നു ഗോപിനാഥന് വേണ്ടി ഹാജരായ അഭിഭാഷകന്റെ മറുപടി.
ശബരിമല ക്ഷേത്രത്തില്‍ അഹിന്ദുക്കളെ വിലക്കാന്‍ ആവശ്യപ്പെടുന്ന ഹർജികള്‍ പരിഗണിക്കാനാവില്ലെന്ന് ദേവസ്വം കേസുകള്‍ പരിഗണിക്കുന്ന മറ്റൊരു ബെഞ്ച് മാര്‍ച്ച് മാസത്തില്‍ വ്യക്തമാക്കിയിരുന്നു.