വെള്ളക്കെട്ട് ഒഴിവാക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ കളക്ടര്‍ ഇടപെടണം: കൊച്ചിയില്‍ വെള്ളക്കെട്ടുണ്ടായ സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

കൊച്ചി: കൊച്ചിയില്‍ വെള്ളക്കെട്ടുണ്ടായ സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി. വെള്ളക്കെട്ട് ഒഴിവാക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ കളക്ടര്‍ ഇടപെടണം. ദുരന്ത നിവാരണ നിയമപ്രകാരം കളക്ടര്‍ നടപടി എടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.  ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. നഗരസഭയ്ക്ക് വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് ജില്ലാ കളക്ടര്‍ക്ക് നേരിട്ട് ഏറ്റെടുക്കാം. കൊച്ചിയില്‍ വീണ്ടും വെള്ളക്കെട്ടുണ്ടായ സംഭവത്തില്‍ ഹൈക്കോടതിയില്‍ ഇന്ന് ഹര്‍ജി എത്തിയിരുന്നു. ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. മുല്ലശേരി കനാലിന്‍റെ കാര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണമെന്നും ഹൈക്കോടതി അറിയിച്ചു.

കൊച്ചിയിലെ വെള്ളക്കെട്ടൊഴിവാക്കാന്‍ കൊച്ചി കോര്‍പറേഷനും ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവും ചെലവഴിച്ചത് 50 കോടിയോളം രൂപയാണ്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി കൊച്ചി കോര്‍പറേഷന്‍ അമൃതം പദ്ധതിയില്‍ നിന്നുള്‍പ്പെടെ 39,66,82652 രൂപ ചെലവഴിച്ചപ്പോള്‍, ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ ആദ്യ ഘട്ടത്തിനായി 9,61,11000 രൂപ കൊച്ചിയിലെ കാനകളും കനാലുകളും വികസിപ്പിക്കാനും വൃത്തിയാക്കാനും ചെലവഴിച്ചു.

Loading...

ദുരന്ത നിവാരണ നിയമ പ്രകാരം ജില്ലാ ഭരണകൂടം ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണം. ബ്രേക്ക് ത്രൂ പദ്ധതി അടക്കം നടപ്പാക്കിയ നഗരത്തില്‍ വീണ്ടും വെള്ളക്കെട്ട് ഉണ്ടായത് എന്തുകൊണ്ടെന്ന് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു. വെള്ളക്കെട്ടൊഴിവാക്കാന്‍ ഇത്രയധികം തുക ചെലവഴിച്ചിട്ടും കൊച്ചി നഗരം മിക്കപ്പോഴും വെള്ളത്തിനടിയിലാണ്. ‌ പേരണ്ടൂർ കനാലിലെ ചെളി നീക്കൽ, കാനകളും കനാലുകളുടെയും വികസനം അടക്കം 49 ജോലികൾക്കായാണ് കോർപ്പറേഷൻ 34 കോടി 66 ലക്ഷം രൂപ ചെലവഴിച്ചത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ബ്രേക് ത്രൂ പദ്ധതിയുടെ ആദ്യ ഘട്ടത്തിനായി ഒന്‍പത് കോടി 61 ലക്ഷം രൂപയും ഇതുവരെ നൽകി കഴിഞ്ഞു. എന്നാല്‍ നഗരത്തിലെ പലയിടത്തും വെള്ളക്കെട്ടിന് ഇപ്പോഴും പരിഹാരമായിട്ടില്ല.