മാധ്യമ ശ്രദ്ധ മാറിയപ്പോള്‍ വിദ്യാഭ്യാസ വകുപ്പില്‍ കോടികളുടെ അഴിമതി

തിരുവനന്തപുരം: ബാര്‍ കോഴക്കേസും നിയമസഭയിലെ ബഹളവും കത്തിപ്പടരുന്നതിനിടെ സര്‍ക്കാരിന് 500 കോടി രൂപയിലധികം ബാദ്ധ്യതയുണ്ടാക്കുന്നതും മാനേജ്മെന്റുകള്‍ക്ക് കോടികള്‍ ഉണ്ടാക്കാവുന്നതുമായ 584 എയ്ഡഡ് അധിക ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പൊതുവിദ്യാഭ്യാസവകുപ്പ് സൂത്രത്തില്‍ അനുവദിച്ചു.

കഴിഞ്ഞവര്‍ഷം അനുവദിച്ച 415 ബാച്ചുകളില്‍ 50 കുട്ടികളെങ്കിലുമില്ലാത്തവ ഇക്കൊല്ലം റദ്ദാക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് നിലനില്‍ക്കെയാണ് വാരിക്കോരി പുതിയ ബാച്ചുകള്‍ നല്‍കിയത്. ഒരു ക്ലാസ‌്‌മുറി പോലുമില്ലാത്ത പുതിയ സ്‌കൂളുകള്‍ക്കും കിട്ടി അധികബാച്ച്. എയ്ഡഡ് സ്‌കൂളുകളില്‍ മാത്രം പുതിയ 1600 തസ്തികകളുണ്ടാകുന്ന വിധത്തിലാണ് ബാച്ചുകളും കോമ്പിനേഷനുകളും അനുവദിച്ചിട്ടുള്ളത്. ക്രമവിരുദ്ധമായി സര്‍ക്കാര്‍ നേരത്തേ അനുവദിച്ച 700ല്‍ 285 ബാച്ചുകള്‍ ഹൈക്കോടതി റദ്ദാക്കിയിരിക്കെയാണിത്.

Loading...

പഠിക്കാനാളില്ലാതെ ഇക്കൊല്ലം മുപ്പതിനായിരത്തിലേറെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതുപോലും ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് പരിഗണിച്ചില്ല. അനുവദിച്ചതില്‍ 97ശതമാനവും ഇപ്പോഴുള്ളതില്‍നിന്ന് വ്യത്യസ്‌തമായ ബാച്ചുകളും വിഷയ കോമ്പിനേഷനുകളുമാണ്. ഒരു ബാച്ചില്‍ ഏഴ് നിയമനങ്ങളെങ്കിലും തരപ്പെടുത്താന്‍ എയ്ഡഡ് മാനേജ്മെന്റുകള്‍ക്കാവും.
വിസ്‌തൃതമായ ക്ലാസ്‌മുറികള്‍, സ്റ്റാഫ് റൂം, ടോയ്‌‌ലെറ്റ്, കുടിവെള്ളം, കളിസ്ഥലം, ലൈബ്രറി എന്നിവ വേണമെന്നിരിക്കെ ഇതൊന്നും ഉറപ്പാക്കുന്ന പരിശോധന നടത്താതെയാണ് ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്.

കൊടുത്താല്‍ കൊമേഴ്സില്‍ കിട്ടും

ഇപ്പോഴുള്ളത് 45 വിഷയ കോമ്പിനേഷനുകള്‍.
കുട്ടികള്‍ ഏറ്റവുമധികം ആവശ്യപ്പെടുന്നത് സയന്‍സ് ബാച്ചുകള്‍
മാനേജ്മെന്റുകള്‍ ആവശ്യപ്പെട്ടതനുസരിച്ച് കൊടുത്തത് കൊമേഴ്സ്കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍,പൊളിറ്റിക്കല്‍ സയന്‍സ്,ബിസിനസ് സ്റ്റഡീസ് തുടങ്ങിയ വ്യത്യസ്ത കോമ്പിനേഷനുകളില്‍ ഏഴ് അദ്ധ്യാപക തസ്‌തിക ലഭിക്കും,

ഒരു പോസ്റ്റിന് 35 ലക്ഷം,ഒരു കോമ്പിനേഷന് രണ്ടര കോടി വീഴും.നിലവിലുള്ള ബാച്ചിന്റെ അതേ വിഷയ കോമ്പിനേഷനാണെങ്കില്‍ ഇംഗ്ലീഷിന് ഒരു തസ്‌തികമാത്രം കിട്ടും.സയന്‍സിലും ഹ്യൂമാനിറ്റീസിലും കോമ്പിനേഷന്‍ മാറ്റിക്കിട്ടിയാലും മൂന്ന് ജൂനിയര്‍ അദ്ധ്യാപക തസ്തിക ലഭിക്കും.

മലയാളവും ഹിന്ദിയും സെക്കന്‍ഡ് ലാംഗ്വേജുള്ള സ്‌കൂളുകളില്‍ അറബിക്, ഉറുദു, കന്നഡ തുടങ്ങിയവ നല്‍കി.

രണ്ട് സെക്കന്‍ഡ് ലാംഗ്വേജുള്ളിടത്ത് മൂന്നാമതൊന്ന് നല്‍കരുതെന്ന് സര്‍ക്കാരിന്റെ കര്‍ശനനിര്‍ദ്ദേശമുണ്ട്.പിള്ളേരില്ലെങ്കില്‍ പണി പോകും കുട്ടികളില്ലെങ്കില്‍ ബാച്ചും പോകും അദ്ധ്യാപകരുടെ ജോലിയും പോകും.2011ല്‍ അനുവദിച്ച അധികബാച്ചുകളില്‍ 324 തസ്‌തികകള്‍ ഇതുവരെ സൃഷ്‌ടിച്ചിട്ടില്ല.കഴിഞ്ഞ വര്‍ഷത്തെ 38 ബാച്ചുകളില്‍ 25 കുട്ടികള്‍ പോലുമില്ല.അഞ്ച് സ്‌കൂളുകളില്‍ പ്രവേശനം നടത്തിയതേയില്ല.സര്‍ക്കാര്‍ സ്‌കൂളുകളിലെ അദ്ധ്യാപകര്‍ക്ക് മറ്റ് സ്‌കൂളുകളിലേക്ക് മാറേണ്ടിവരും.

ഒരു ബാച്ച് അനാദായകരമായാല്‍ ബാധിക്കുന്നത് ആറ് അദ്ധ്യാപകരെ. രണ്ട് സീനിയര്‍ അദ്ധ്യാപകര്‍ ജൂനിയറാകും. രണ്ടാംവിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകന്‍ പാര്‍ട്ട്ടൈമാകും.

ബാച്ചും പണിയും പോയാല്‍ അദ്ധ്യാപകര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണമില്ല.