സംസ്ഥാന സര്‍ക്കാരിന്റെ ഭാഗ്യക്കുറിയുടെ അച്ചടി സ്വകാര്യ പ്രസിന് നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: കേന്ദ്ര ലോട്ടറി നിയമത്തെ മറികടന്ന് ലോട്ടറി അച്ചടിക്കുന്നതിനുളള കരാര്‍ സ്വകാര്യവകുപ്പിന് നല്‍കിക്കൊണ്ട് നികുതി വകുപ്പിന്റെ ഉത്തരവ്. ലോട്ടറി അച്ചടിക്കുന്നതിന് സര്‍ക്കാര്‍ പ്രസുകളും, ബുക്ക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സും ഉള്ളപ്പോള്‍ ഇവയെ മറികടന്നുമാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

ചെറുകിട വ്യവസായ കോര്‍പ്പറേഷനായ സിഡ്‌കോയ്ക്ക് 26 ശതമാനം ഓഹരിയുളള സ്വകാര്യ പ്രസിന് ഇനിമുതല്‍ സര്‍ക്കാര്‍ ലോട്ടറികള്‍ അച്ചടിക്കാം എന്ന ഉത്തരവിറക്കിയത് ഈ മാസം നാലിനാണ്. ലോട്ടറി അച്ചടിക്കുന്നതിനുളള കരാര്‍ സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചപ്പോള്‍ ഈ സ്വകാര്യപ്രസും അപേക്ഷ സമര്‍പ്പിച്ചിരുന്നു. സര്‍ക്കാര്‍ പ്രസുകളില്‍ അച്ചടിക്കുന്നതിനെക്കാള്‍ മികച്ച ഗുണമേന്മയിലും, കൂടുതല്‍ എണ്ണത്തിലും ലോട്ടറി അച്ചടിക്കാനുളള യന്ത്രങ്ങള്‍ തങ്ങള്‍ക്കുണ്ട്. കൂടാതെ പൊതുമേഖലാ സ്ഥാപനമായ സിഡ്‌കോയ്ക്ക് തങ്ങളുടെ കമ്പനിയില്‍ 26 ശതമാനം ഓഹരിയുളളതിനാല്‍ ലോട്ടറി അച്ചടിക്കുന്നതിന് സുരക്ഷ മാനദണ്ഡങ്ങള്‍ പ്രശ്‌നമല്ലെന്നും ഇവര്‍ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.

ഈ അപേക്ഷ നികുതി സെക്രട്ടറി സര്‍ക്കാരിന് കൈമാറുകയും, തുടര്‍ന്ന് കമ്പനിയുടെ വാദങ്ങള്‍ പരിശോധിച്ച് കരാര്‍ നല്‍കിയതായി ഉത്തരവിറക്കാന്‍ സെക്രട്ടറിയോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയുമായിരുന്നു. നിലവില്‍ ലോട്ടറി സ്വകാര്യ പ്രസുകളില്‍ അച്ചടിക്കാന്‍ ഏല്‍പ്പിക്കുന്നത് കേന്ദ്ര ലോട്ടറി നിയമത്തിന് വിരുദ്ധമാണ്. അതീവ സുരക്ഷയില്‍ അച്ചടിക്കേണ്ട ലോട്ടറികള്‍ സ്വകാര്യപ്രസുകളെ ഏല്‍പ്പിക്കരുതെന്നാണ് കേന്ദ്രത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിയമങ്ങളില്‍ പറയുന്നത്. അഥവാ അച്ചടിക്കേണ്ടി വന്നാല്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയോട് കൂടി അവര്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമെ ലോട്ടറി അച്ചടിക്കാവു എന്നാണ് നിയമം. അച്ചടിക്കാതിരിക്കാനും നമ്പറുകളില്‍ ക്രമക്കേട് നടത്തുന്നത് തടയാനുമാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ പ്രസുകളില്‍ അച്ചടിക്കുന്നത്.

ഇത് മറികടന്ന് അച്ചടി സ്വകാര്യ പ്രസുകള്‍ക്ക് നല്‍കാനുളള തീരുമാനം കേന്ദ്ര ലോട്ടറി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മുന്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി എം തോമസ് ഐസക് എംഎല്‍എ പറഞ്ഞു. സ്വകാര്യ പ്രസിലെ ലോട്ടറി അച്ചടി നിയമവിരുദ്ധമാണെന്നും ഉടന്‍ റദ്ദാക്കണമെന്നും കെബിബിഎസ് എം.ഡി ടോമിന്‍ തച്ചങ്കരി നികുതി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.