മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയത് 81 വിദേശയാത്രകൾ, കൂടുതല്‍ തവണ വിദേശത്തേക്ക് പോയത് മുഖ്യമന്ത്രി

തൃശൂർ: എൽഡിഎഫ് സർക്കാർ അധികാരമേറ്റെടുത്ത ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയത് 81 വിദേശയാത്രകളെന്ന് വിവരവകാശ രേഖ. ഏറ്റവും കൂടുതൽ തവണ വിദേശത്തേക്ക് പോയത് മുഖ്യമന്ത്രിയാണെന്ന് വിവരാവകാശനിയമപ്രകാരമുള്ള രേഖകൾ വ്യക്തമാക്കുന്നു. 2016 മുതൽ 2020 വരെയുളള കാലയളവിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത് 14 വിദേശയാത്രകളാണ്. ഇതിൽ 12 തവണ പോയത് ഔദ്യോഗിക ആവശ്യങ്ങൾക്കാണ്. ഓരോ യാത്രയിലും കൂടെയുണ്ടായിരുന്നത് ഭാര്യ ഉൾപ്പെടെ നിരവധി പേരാണെന്നും രേഖയിൽ പറയുന്നു.

ഈ വിദേശയാത്രകൾ കൊണ്ട് സംസ്ഥാനത്തിനുണ്ടായ നേട്ടങ്ങളെ കുറിച്ച് സർക്കാർ ഔദ്യോഗികായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരിക്കുകയാണ് കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്. മാത്രമല്ല കേന്ദ്രാനുമതി ലഭിച്ച ശേഷമാണോ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും യാത്രകൾ നടത്തിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Loading...

കടകംപള്ളി സുരേന്ദ്രൻ 13 വിദേശയാത്രകൾ നടത്തി രണ്ടാം സ്ഥാനത്തുണ്ട്. ഇ പി ജയരാജൻ ഏഴും എ കെ ശശീന്ദ്രനും കെ കെ ശൈലജയും ആറ് വീതവും വിദേശയാത്രകൾ നടത്തിയിട്ടുണ്ട്.എന്നാൽ ഈ യാത്രകൾക്കായി എത്ര തുക ചെലവായി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരങ്ങൾ ലഭിച്ചിട്ടില്ല. മന്ത്രി വി എസ് സുനിൽ കുമാർ നടത്തിയ അഞ്ച് യാത്രകളും സ്വകാര്യ ആവശ്യങ്ങൾക്കാണ്. ജെ മേഴ്സികുട്ടിയമ്മയും പ്രൊഫ സി രവീന്ദ്രനാഥും വിദേശത്ത് പോയത് ഒറ്റത്തവണ മാത്രമെന്നും വിവരാവകാശനിയമപ്രകാരമുളള രേഖകൾ വ്യക്തമാക്കുന്നു.