ന്യൂഡല്‍ഹി. സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നല്‍കണമെന്ന് കേരളം സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. ഹൈക്കോടതി ശരിവച്ച ജീവപര്യന്തം തടവുശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കുവാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍ ടിഎ ഷാജി നല്‍കിയ നിയമോപദേശം സര്‍ക്കാര്‍ അംഗീകരിച്ചു. ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കേരളം സുപ്രീം കോടതിയില്‍ വാദിക്കും.
ഭ്രാന്തമായ ആക്രമണമാണ് ചന്ദ്രബോസിന് നേരെ നിഷാം നടത്തിയതെന്നും കേരളത്തിന്റെ സംസ്‌കാരിര തലസ്ഥാനത്ത് നടന്നത് തികച്ചും സംസ്‌കാരിക വിരുദ്ധമായ പ്രവര്‍ത്തിയാണെന്നും ഹൈക്കോടതി വിധിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഇതെന്ന് വാദിച്ചെങ്കിലും ഹൈക്കോടതി ഇതിനോട് വിയോജിക്കുകയായിരുന്നു.
ഇതിനെതിരെയാണ് സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കുന്നത്. സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേരാജന് ഷൊങ്കര്‍ ആണ് സര്‍ക്കാരിന്റെ അപ്പീല്‍ ഫയല്‍ ചെയ്യുന്നത്. ജീവപര്യന്തം തടവിന് പുറമെ വിവിധ വകുപ്പുകളിലായി 24 വര്‍ഷം തടവും 80.30 ലക്ഷം രൂപ പിഴയുമായിരുന്നു കേസില്‍ മുഹമ്മദ് നിഷാമിന് വിധിച്ചത്. പിഴത്തുകയില്‍ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കുവാനും നിര്‍ദേശിച്ചിരുന്നു.