അവരെ ഇങ്ങനെ തെരുവിലറക്കുന്നതും വലിയതെറ്റ്, മാലാഖമാരെന്നാണ് വിളിപ്പേരെങ്കിലും അടിമപ്പണിയെടുക്കുന്ന അവരുടെ കണ്ണുനീര്‍ നിങ്ങള്‍ കാണുന്നില്ലേ

സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമുള്ള സേവന വേതന വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് സമരവുമായി തെരുവിലിറങ്ങേണ്ടി വന്നത്. ചെയ്യുന്ന ജോലിക്കുള്ള കൂലി നമ്മുടെ നാട്ടിലെ നഴ്സുമാര്‍ക്ക് ലഭിക്കുന്നില്ല. നഴ്സുമാരുടെ അവകാശങ്ങളും ജോലിക്കുള്ള വേതനവും ആദ്യമായിട്ടല്ല നമ്മളുടെ മുന്നില്‍ എത്തുന്നത്. തൊഴിലാളിയുടെ അവകാശ പോരാട്ടങ്ങളിലൂടെ ഉഴുതുമറിക്കപ്പെട്ട കേരളത്തില്‍ വെള്ള വസ്ത്രം അണിഞ്ഞ ഇവര്‍ ഏറെ സമരങ്ങള്‍ നടത്തിക്കഴിഞ്ഞു. ഇപ്പോഴും അത് തുടരുന്നു.

ആതുരശ്രുശൂഷാരംഗത്തെ ഒഴിച്ചുകൂടാത്ത ഘടകമായ അവരെ നിങ്ങള്‍ തെരുവിലിറക്കുന്നതും അത്യപമാനകരമാണ്. ആശുപത്രികിടക്കയിലെ നമ്മുടെ അഭയവും ആശ്രയവും ആകുന്നവര്‍ ഭൂമിയിലെ മാലാഖമാര്‍ എന്ന് നമ്മള്‍ വിളിക്കുന്ന അവര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ഇന്നും തുടരുകയാണ്. എങ്കിലും ആശുപത്രികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താതെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ സമരവും ജോലിയും ഒന്നിച്ച് കൊണ്ടുപോകുന്ന നഴ്‌സുമാര്‍ സമരത്തിലും അവരുടെ അന്തസും അഭിമാനവും ഉയര്‍ത്തി തന്നെ നിര്‍ത്തുന്നു.

Loading...

വേതനത്തിലെ അപാകതയാണ് ഇന്ന് നഴ്‌സുമാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കാരണം ഇന്ന് കേരളത്തില്‍ ഒരു അവിദഗ്ദ്ധ തൊഴിലാളിക്കു വരെ ദിവസവേതനം 800 മുതല്‍ 1500 രൂപ വരെയാണ്. എന്നാല്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുജനങ്ങളുടെ ആരോഗ്യത്തിനും, ജീവന്‍ രക്ഷിക്കുന്നതിനുമായി പാടുപെടുന്ന ഒരു നഴ്സിന്റെ ദിവസ വേതനം 350 രൂപയില്‍ താഴെയാണ്. 350 രൂപയ്ക്ക് എങ്ങനെ ഒരു നഴ്സിന് കുടുംബം പുലര്‍ത്താന്‍ കഴിയും. ഒരിക്കലും കഴിയില്ല. അതേ സമയം നഴ്സിംഗ് പഠിക്കാന്‍ വേണ്ടി ആ കുടുംബം ലോണെടുത്ത ബാങ്കില്‍ നിന്നു വരുന്ന ജപ്തിനോട്ടീസുകളും അവരുടെ ജീവിതം ചോദ്യചിഹ്നത്തിലാക്കുന്നു. ലോണെടുത്ത തുകയെക്കാളും മൂന്നും നാലും ഇരട്ടിയായി മാറുന്ന ഈ കടത്തിന്റെ ഭാരവും പേറി ആശുപത്രിയുടെ ഇടനാഴികളില്‍ ഇടതടവില്ലാതെ മറ്റൊരുവന്റെ ജീവന് വേണ്ടി ഓടി നടക്കുന്ന നഴ്സ്മാരുടെ ജീവിതം ചര്‍ച്ചയായേ തീരൂ.

സമൂഹത്തെ തന്നെ നാണിപ്പിക്കുന്ന വിധത്തിലുളള തൊഴില്‍ ചൂഷണമാണ് സ്വകാര്യ നഴ്സുമാര്‍ നേരിടുന്നത്. പല ആശുപത്രികളിലും 5000 മുതല്‍ 8000 രൂപവരെയാണ് ശമ്പളം. ഈ തുഛമായ ശബളം പല ആശുപത്രികളും കൃത്യമായി നല്‍കുന്നു പോലുമില്ല. ഓരോ സ്വകാര്യ ആശുപത്രിയും നഴ്സിംഗ് ചാര്‍ജ്ജെന്ന പേരില്‍ രോഗികളില്‍ നിന്ന് ഈടാക്കുന്നത് വന്‍തുകയാണ്. ഇതിന്റെ ഒരു ചെറിയ ശതമാനംപോലും നഴ്സുമാര്‍ക്ക് നല്‍കുന്നില്ല. ഇപ്പോള്‍ സമരത്തെ പൊളിക്കാനായി സ്വകാര്യ മാനേജ്മെന്റുകള്‍ സ്വീകരിക്കുന്ന ഒരു തന്ത്രമാണ് നഴ്സിംഗ് ചാര്‍ജ്ജുകള്‍ പ്രത്യേകം രേഖപ്പെടുത്തി ആ തുക മുഴുവന്‍ നഴ്സുമാര്‍ക്ക് കിട്ടുകയാണ് എന്ന് പ്രചരിപ്പിക്കുന്നത്. കൃത്യമായ ശബളമില്ലാത്തതിന് പുറമെയാണ് അമിത ജോലിഭാരവും, അധിക സമയം ജോലിയെടുക്കേണ്ടി വരുന്ന ദുരവസ്ഥയും ഇന്നവര്‍ അനുഭവിക്കുന്നത്.

പഠിച്ചിറങ്ങുന്ന ഒരു നഴ്സ് ജോലിചെയ്യാന്‍ ആരംഭിക്കുമ്പോള്‍ തന്നെ ഏറ്റെടുക്കേണ്ടിവരുന്ന ജോലിഭാരവും പ്രവര്‍ത്തനസമയനിയമങ്ങളും അത്യന്തം കഠിനമെന്നിരിക്കെത്തന്നെ തുശ്ചമായ ശബളത്തിനു ജോലിചെയ്യേണ്ടിവരുന്ന പരിതാപകരമായ അവസ്ഥ ഇന്നും തുടരുന്നു. ഒന്നും രണ്ടും അല്ല, വര്‍ഷങ്ങളായി തുടരുന്ന അവഗണന.

ചുരുക്കത്തില്‍ ആതുരസേവനരംഗത്ത് നഴ്സ്മാരുടെ അവസ്ഥ വളരെ പരിതാപകരമാണിപ്പോള്‍. സ്വന്തം കുടുംബത്തേക്കാളേറെ തങ്ങള്‍ നോക്കുന്ന രോഗികളെ, അവരുടെ ജീവനെ കാക്കുന്ന നഴ്സ്മാര്‍ക്ക് ഈ അവസ്ഥയാണോ, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നല്‍കേണ്ടതെന്നു സര്‍ക്കാര്‍ ചിന്തിക്കണം. കാരണം അവരും മനുഷ്യജീവനുകളാണ്, അവര്‍ക്കും സ്വപ്നങ്ങളുണ്ട്, അവര്‍ക്കും ആഗ്രഹങ്ങളുണ്ട്, അവര്‍ക്ക് വോട്ടും ഉണ്ട്.

ബില്ല് പൂര്‍ണമായി അടച്ചില്ലെന്ന പേരില്‍ മൃതദേഹം വരെ തടഞ്ഞ് വെക്കുന്ന, രോഗികളില്‍ നിന്നും പണം കുത്തിപ്പിഴിഞ്ഞ് എടുക്കുന്ന ആശുപത്രി മാനേജ്‌മെന്റുകള്‍ നഴ്‌സുമാര്‍ക്ക് ഭേദപ്പെട്ട ശമ്പളം കൊടുക്കാന്‍ മടിക്കുന്നു. ജീവിത സമരവുമായി മുന്നോട്ട് പോകുന്ന നഴ്‌സുമാര്‍ക്ക് ഐക്യദാഢ്യം..