പൊലീസ് നിയമ ഭേദഗതി മറ്റൊരു ഓർഡിനൻസിലൂടെ പിൻവലിച്ചു, ഗവർണർ ഒപ്പിട്ടു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഓർഡിനൻസിലൂടെ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതി മറ്റൊരു ഓർഡിനൻസിലൂടെ പിൻവലിച്ചു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് നിയമ ഭേദഗതി പിൻവലിക്കാനുള്ള ഓർഡിനൻസ് ഗവർണറുടെ അനുമതിക്കായി അയച്ചത്. 118 എ വകുപ്പ് പിൻവലിക്കാൻ ആവശ്യപ്പെട്ടുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു.

വിവാദമായ പൊലീസ് നിയമ ഭേദഗതി പരിഷ്കരിക്കാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പുതിയ നിയമം ചോദ്യം ചെയ്ത് ബിജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആർ എസ് പി നേതാവ് ഷിബു ബേബി ജോണും സമർപ്പിച്ച ഹർജികൾ ഡിവിഷൻ ബെഞ്ച് പരിഗണിച്ചപ്പോൾ ആണ് സ‍ർക്കാർ ഇക്കാര്യം അറിയിച്ചത്. നിയമം പരിഷ്കരിക്കും വരെ പുതിയ നിയമം നിലനിൽക്കുമെങ്കിലും അതിന്‍റെ പരിധിയിൽപ്പെടുന്ന കേസുകൾ രജിസ്റ്റർ ചെയ്യില്ലെന്നും സർക്കാർ അറിയിച്ചു.

Loading...

വ്യാജ വാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നത് തടയാനാണ് ഈ നിയമ ഭേദഗതി കൊണ്ടുവന്നതെന്നാണ് മുഖ്യമന്ത്രി ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. വിവിധ വിഭാഗങ്ങളിൽ നിന്ന് ഈ നിയമ ഭേദഗതിയെ കുറിച്ച് ആശങ്ക ഉയർന്നു. ഭേദഗതി പൊലീസിന് അമിതാധികാരം നൽകുമെന്നും ദുരുപയോഗം ചെയ്യപ്പെടുമെന്നുമുള്ള അഭിപ്രായവും സർക്കാർ മുഖവിലയ്ക്ക് എടുത്തു. സംശയങ്ങളും ആശങ്കകളും ബാക്കിനിൽക്കുന്ന സാഹചര്യത്തിലാണ് നിയമ ഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.