ഡ്രോണ്‍ നിരീക്ഷണത്തില്‍ ആള്‍ക്കൂട്ടം, പാഞ്ഞെത്തിയ പോലീസ് കണ്ടതിത്….

കൊറോണ വൈറസ് തടയാനായി 21 ദിവസമാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ കൂട്ടം കൂടുന്നവരെ നിയന്ത്രിക്കാന്‍ പോലീസ് നന്നേ പാടു പെടുകയാണ്. വീടിന് പുറത്തിറങ്ങി കൂട്ടം കൂടുന്ന ആളുകളെ കണ്ടെത്താനും നിരീക്ഷിക്കാനും വേണ്ടി പോലീസ് സംസ്ഥാനത്ത് ആകെ ഡ്രോണ്‍ നിരീക്ഷണം നടത്തി വരികയാണ്. തീരദേശ മേഖലയിലാണ് കൂടുതലായി ഡ്രോണ്‍ നിരീക്ഷണം നടത്തുന്നത്. ഇത്തരത്തില്‍ അമ്പലപ്പുഴയില്‍ ഡ്രോണ്‍ നിരീക്ഷണത്തിനിടെ പോലീസ് കണ്ടെത്തിയതാണ് അവരെ അമ്പരപ്പിച്ചത്. ഒരു പെണ്ണു കാണല്‍ ചടങ്ങായിരുന്നു ഡ്രോണ്‍ നിരീക്ഷണത്തില്‍ കണ്ടെത്തിയത്. എത്രയൊക്കെ പറഞ്ഞിട്ടും ഇത്തരത്തില്‍ പെരുമാറുന്നവരോട് എന്ത് പറയണം എന്നറിയില്ലെന്നാണ് പോലീസ് പോലും പറയുന്നത്.

അമ്പലപ്പുഴയിലെ തീരദേശ മേഖലയില്‍# ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ആണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നതിന് ഇടെ സ്‌ക്രീനില്‍ ആള്‍ക്കൂട്ടം ശ്രദ്ധയില്‍ പെടുക ആയിരുന്നു. പതിവില്ലാതെ വീട്ടുമുറ്റത്ത് അള്‍ക്കൂട്ടത്തെ കണ്ടതോടെ പോലീസ് ഉടന്‍ തന്നെ ദൃശ്യങ്ങള്‍ കണ്ട സ്ഥലത്തേക്ക് പാഞ്ഞു. സ്ഥലത്ത് എത്തിയ പോലീസ് കണ്ടത് ഒരു പെണ്ണുകാണല്‍ ചടങ്ങ് നടക്കുന്നത് ആയിരുന്നു. അടുത്ത ബന്ധുക്കളും അയല്‍ക്കാരും ആയി കുറച്ച് പേര്‍ വീട്ടില്‍ ഉണ്ടായിരുന്നു.

Loading...

കോവിഡ് പടരുന്ന സമയം ആയതിനാല്‍ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കി പൊലീസ് വീട്ടില്‍ നിന്നും മടങ്ങി. കൊറോണ പ്രതിരോധനടപടികളുടെ ഭാഗമായി തീരദേശമേഖലയില്‍ നിരീക്ഷണത്തിനായാണ് പൊലീസ് ഡ്രോണിന്റെ സേവനം ഉപയോഗിച്ചത്. ഡ്രോണ്‍ പറന്നപ്പോള്‍ തീര മേഖലയിലെ ആളുകള്‍ക്കത് കൗതുക കാഴ്ചയായി. ഓടിക്കൂടിയ ചെറുപ്പക്കാര്‍ പിന്നാലെ പൊലീസ് ജീപ്പ് വരുന്നതുകണ്ട് ഓടി രക്ഷപ്പെട്ടു.

അതേസമയം സംസ്ഥാനത്ത് ഇന്നലെ ഒന്‍പത് പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച ഏഴ് പേര്‍ കാസര്‍കോട്ടുകാരാണ്. മറ്റുള്ളവര്‍ തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലക്കാരാണ്. ചികിത്സയിലായിരുന്ന 16 പേര്‍ക്ക് കൂടി രോഗം ഭേദമായി. കണ്ണൂരിലെ അഞ്ച് പേരും കാസര്‍കോട്ടെ മൂന്ന് പേരും ഇടുക്കിയിലെ രണ്ടു പേരും കോഴിക്കോട്ടെ രണ്ടു പേര്‍ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഒരോരുത്തരും രോഗം ഭേദമായി. സംസ്ഥാനത്ത് ആകെ 295 കൊവിഡ് രോഗികള്‍ ഉണ്ട്. ഇതുവരെ കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ച 206 പേര്‍ വിദേശത്തു നിന്നും വന്നവരാണ്. സംസ്ഥാനത്ത് ആകെ 1.66 ലക്ഷം പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 767 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ തുടരുന്നുണ്ട്. രോഗലക്ഷണങ്ങളുള്ള പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയതായും മുഖ്യമന്ത്രി അറിയിച്ചു. വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച നഴ്‌സും ഇന്ന് രോഗം ഭേദമായവരില്‍ ഉള്‍പ്പെടും.

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേക്കി റാപ്പിഡ് ടെസ്റ്റ് മെഷീനുകള്‍ എത്തി. 1000 കിറ്റുകള്‍ അടങ്ങിയ ആദ്യത്തെ ബാച്ചാണ് ഇന്ന് എത്തിയത്. തിരുവനന്തപുരം എംപി ശശി തരൂരിന്റെ ഫണ്ടുപയോഗിച്ചാണ് റാപ്പിഡ് ടെസ്റ്റ് മെഷീനുകള്‍ വാങ്ങിയത്. രണ്ടായിരം റാപ്പിഡ് ടെസ്റ്റ് മെഷീനുകള്‍ കൂടി ഞായറാഴ്ച എത്തുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ടരമണിക്കൂറില്‍ കൊവിഡ് പരിശോധന ഫലം തരുന്ന റാപ്പിഡ് ടെസ്റ്റ് മെഷീനുകള്‍ സമൂഹ വ്യാപനത്തിന് സാധ്യതയുള്ള തിരുവനന്തപുരം പോത്തന്‍കോട് മേഖലയിലാവും ആദ്യം ഉപയോഗിക്കാനാണ് സാധ്യത.