​ഗർഭിണിയായ ഭാര്യ വിളിക്കുമെന്ന് പറ‍ഞ്ഞിട്ടും ഫോൺ നൽകിയില്ല; എസ്ഐക്കെതിരെ പ്രതിഷേധം ശക്തം

പൊലീസുകാർക്കെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം പല രീതിയിൽ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. അനാവശ്യമായി ജനങ്ങൾക്കെതിരെ കേസെടുക്കുന്നതിനും പെറ്റി അടിക്കുന്നുവെന്നും ആരോപിച്ചാണ് പൊലീസുകാർക്കെതിരായുള്ള പ്രതിഷേധം ശക്തമാകുന്നത്. ഏറ്റവും ഒടുവിലായി മലപ്പുറത്ത് ട്രാഫിക് പൊലീസുകാർക്കെതിരായ നാട്ടുകാരുടെ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

ബൈക്കിന് ഇൻഷുറൻസ് ഇല്ലെന്ന് പറഞ്ഞ് യാത്രക്കാരനിൽ നിന്നും മൊബൈൽ ഫോൺ തട്ടിപ്പറിച്ച് പോലീസ്. ചോദ്യം ചെയ്ത യുവാവിനോട് തട്ടിക്കയറിയ പൊലീസിന് പക്ഷെ പിന്നീട് നേരിടേണ്ടി വന്നത് നാട്ടുകാരുടെ വക ചോദ്യശരങ്ങളായിരുന്നു.മൊബൈൽ ഫോൺ തട്ടിപ്പറിച്ചപ്പോൾ എന്തിനാണെന്ന് ചോദിച്ചെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്നും മറുപടി ഉണ്ടായില്ല. ഗർഭിണിയായ ഭാര്യ വിളിക്കുമെന്ന് പറഞ്ഞിട്ടും വനിത കൂടിയായ എസ്ഐ ഫോൺ വിട്ടുകാെടുത്തില്ല എന്നാണു വൈറലാകുന്ന വീഡിയോയിൽ പറയുന്നത്. നാട്ടുകാർ ഇടപെട്ടതോടെ ഫോൺ തിരിച്ചുെകാടുക്കുന്ന ഉദ്യോഗസ്ഥനെയും കാണാം.

Loading...

നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ യുവാവ് ഹെൽമെറ്റ് വെച്ചിട്ടില്ലെന്നായിരുന്നു പോലീസിന്റെ വാദം. എന്നാൽ തങ്ങൾ കണ്ടതാണെന്നും ഹെൽമറ്റ് ഉണ്ടെന്നും അവർ പറഞ്ഞതോടെ മറ്റ് വഴികളില്ലാതെ പോലീസ് സ്ഥലം വിടുകയായിരുന്നു.കോവിഡ് പ്രതിസന്ധികൾക്കിടയിൽ പൊറുതി മുട്ടുന്ന ജനത്തിന്റെ പോക്കറ്റ് കാലിയാക്കുന്ന പൊലീസ് നടപടി വലിയ രോഷത്തിനു കാരണമായിരിക്കുകയാണ്.