വിയ്യൂര്‍: പലര്‍ക്കും ജീവിതത്തില്‍ രണ്ടാമത് ഒരു അവസരം ലഭിക്കാറുണ്ട്. മരണത്തിന്റെ പടി വാതിലില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ എത്തുന്നവരും കുറച്ചല്ല. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ വലിയൊരു പങ്കുമുണ്ട്. ഇത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ പുറത്ത് എത്തുന്നത്. മരണത്തിന്റെ പടിവാതിക്കല്‍ നിന്നും ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് പോലീസിന്റെ സമയോചിത ഇടപെടല്‍ ആയിരുന്നു. അതും കടിച്ച് കീറാന്‍ തയ്യാറായി നില്ക്കുന്ന നായകളെ അവഗണിച്ചു കൊണ്ടായിരുന്നു പോലീസിന്റെ ചടുല നീക്കം.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ആണ് സംഭവം. വിയ്യൂര്‍ സ്റ്റേഷന് ഓഫീസര്‍ ആയ ശ്രീജിത്തിന് ഒരു ഫോണ്‍ കോള്‍ വന്നു. മറുതലക്കല്‍ പേര് വെളിപ്പെടുത്താത്ത ഒരു പെണ്‍കുട്ടി ആയിരുന്നു. തന്റെ സുഹൃത്തായ യുവാവ് ജീവനൊടുക്കാന്‍ ഒരുങ്ങുന്നു എന്നായിരുന്നു സന്ദേശം. പെണ്‍കുട്ടി യുവാവിന്റെ വിലാസവും നല്‍കിയിരുന്നു. ഉടന്‍ തന്നെ എസ് ഐ സെല്വകുമാറിന്റെ നേതൃത്വത്തിലുള്ള പെട്രോളിങ് സംഘം പെണ്‍കുട്ടി നല്കിയ വിലാസത്തില്‍ പാഞ്ഞെത്തി.
പോലീസ് എത്തിയപ്പോള്‍ കണ്ടത് അടച്ചിട്ടിരിക്കുന്ന ഗേറ്റ് ആണ്. മാത്രമല്ല രണ്ട് വലിയ നായകളെ അഴിച്ചു വിട്ടിരിക്കുന്നു. ഇതോടെ പോലീസ് വീട്ടിലുള്ളവരെ വിളിച്ചു. വിളികേട്ട് പുറത്തെത്തിയത് ഒറു മുതിര്‍ന്ന സ്ത്രീയാണ്. ഇവരോട് പോലീസ് നായയെ കെട്ടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് നായയെ കെട്ടാന്‍ സാധിക്കില്ലെന്നും മകനെ വിളിക്കാമെന്നും പറഞ്ഞ് സ്ത്രീ വീടിനകത്തേക്ക് പോയി. ഉടന്‍ ഒരു ചെറുപ്പക്കാരന് പുറത്ത് എത്തുകയും നായകളെ ഉടന്‍ കൂട്ടിലാക്കാം എന്ന് പറഞ്ഞ് വീണ്ടും വീടിന് ഉള്ളിലേക്ക് പോയി. കുറച്ച് കഴിഞ്ഞിട്ടും ഇയാള്‍ തിരികെ എത്തിയില്ല. ഇതോടെ സംശയം തോന്നിയ പോലീസ് ഉച്ചത്തില്‍ വിളിച്ചെങ്കിലും മറുപടി ഒന്നും ലഭിച്ചില്ല.
സംശയം തോന്നിയ പോലീസ് ഇതോടെ മതില് ചിടി കടക്കാന്‍ തീരുമാനിച്ചു. വീടിന് ചുറ്റും വെളിച്ചം ഇല്ലായിരുന്നു ഇതിനിടെ വീടിന് മുകളിലെ മുറിയില്‍ നിന്നും അനക്കം ശ്രദ്ധയില്‍ പെട്ടു. പോലീസ് ടോര്‍ച്ച് അടിച്ച് നോക്കിയപ്പോള്‍ ചെറുപ്പക്കാരന് ഫാനില്‍ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. ഇതോടെ നായകളെ വകവയ്ക്കാതെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരും മതില് ചാടി അകത്ത് കടന്നു. പുറത്ത് ചാരി വെച്ചിരുന്ന ഗോവേണിയിലൂടെ മുകളിലെത്തിയ ശേഷം വാതില്‍ തുറന്ന് അകത്തെത്തി. സീലിംഗ് ഫാനില്‍ തൂങ്ങി കിടക്കുകയായിരുന്ന ചെറുപ്പക്കാരനെ എസ് ഐ ശെല്‍വകുമാറും ഹോം ഗാര്‍ഡ് ജസ്റ്റിനും ചേര്‍ന്ന് ഉയര്‍ത്തി നിര്‍ത്തി. ഡ്രൈവര്‍ ഷിനുമോന്‍ കയര്‍ അറുത്ത ശേഷം ഇതേ ഗോവണിയിലൂടെ തന്നെ താഴോട്ടിറക്കി. ഈ സമയവും നായകള്‍ ഗേറ്റിനടുത്ത് കാവലായി നില്ക്കുന്നുണ്ടായിരുന്നു. വാഹനത്തില്‍ വച്ചു തന്നെ ജില്ലാ ആശുപത്രി മെഡിക്കല്‍ ഓഫീസറെ പോലീസ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെടുകയും വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ആശുപത്രിയില്‍ ജീവനക്കാര്‍ തയാറായി നിന്നിരുന്നു. ഉടന്‍ അടിയന്തര ചികിത്സ നല്കിയതിനാല് ചെറുപ്പക്കാരന്റെ ജീവന് തിരികെ ലഭിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.