വിദ്യാര്‍ഥികളെ നീന്തല്‍ പഠിപ്പിക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍; തിരുവനന്തപുരം നഗരത്തിനുള്ളില്‍ പോലീസിന് മൂന്ന് നീന്തല്‍ക്കുളം

തിരുവനന്തപുരം. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ തലസ്ഥാന നഗരത്തില്‍ അഡംബര നീന്തല്‍ക്കുളങ്ങള്‍ പണിത് കേരള പോലീസ്. നാല് കിലോമീറ്റര്‍ ചുറ്റളവില്‍ നഗരത്തില്‍ പോലീസിന് മൂന്ന് നീന്തല്‍ക്കുളങ്ങളാണ് ഉള്ളത്.

സ്‌കൂള്‍ വിദ്യാര്‍ഥികളെ നീന്തല്‍ പഠിപ്പിക്കാന്‍ നീന്തല്‍ക്കുളങ്ങള്‍ കണ്ടെത്താനോ നിര്‍മ്മിക്കാനോ കഴിയാതെ വിദ്യാഭ്യാസ വകുപ്പും അഗ്നിരക്ഷ സേനയും ബുദ്ധിമുട്ടുമ്പോളാണ് പോലീസിന്റെ ഇത്തരത്തിലുള്ള നടപടി. ഒരു കോടിയോളം മുതല്‍ മുടക്കിലാണ് ഓരോ നീന്തല്‍ക്കുളവും പണിതിരിക്കുന്നത്.

Loading...

പോലീസ് ഗെസ്റ്റ് ഹൗസായ അഗസ്ത്യയിലാണ് ആദ്യത്തെ നീന്തല്‍ക്കുളം അഗസ്ത്യയില്‍ സ്വീറ്റ് റൂമുകളടക്കം 16 മുറികളാണ് ഉള്ളത്. കോടികള്‍ മുടക്കി നിര്‍മ്മിച്ച ഗെസ്റ്റ് ഹൗസില്‍ പൂള്‍, ബില്യഡ്‌സ് ടേബിള്‍, ജിം, പാര്‍ട്ടി ഏരിയ എന്നിവയുണ്ട്. ഇവിടെ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് നാമമാത്രമായ വാടകയാണ് ഉള്ളത്.

പോലീസ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ നീന്തല്‍ക്കുളം പണം കൊടുത്ത് പൊതുജനത്തിന് ഉപയോഗിക്കാം. പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ നീന്തല്‍ക്കുളത്തിലാണ് പോലീസുകാര്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നത്.