കള്ളക്കേസില്‍ കുടുക്കുമെന്ന എസ്‌ഐയുടെ ഭീഷണി; യുവതി കൈഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു

പൊലീസ് സ്റ്റേഷനിൽ പരാതിയുമായി ചെന്ന യുവതി കള്ളക്കേസിൽ കുടുക്കുമെന്ന എസ്ഐയുടെ ഭീഷണിയെ തുടർന്നു കൈഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ടു യുവതിയുടെ ബന്ധുക്കൾ മുഖ്യമന്ത്രിക്കു പരാതി നൽകി.

ബന്ധുക്കൾ പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുന്നുവെന്നു പരാതി നൽകിയ പാങ്ങോ‌ട് മരുതമൺ സ്വദേശിയായ 23 കാരിയെ മോഷണക്കുറ്റമോ, വഞ്ചനക്കുറ്റമോ ചുമത്തി ജയിലിലടയ്ക്കുമെന്നു ഭീഷണിപ്പെടുത്തിയ പാങ്ങോട് എസ്ഐ. നിയാസിനെതിരെ നടപടി ആവശ്യപ്പെട്ടാണു ബന്ധുക്കൾ മുഖ്യമന്ത്രിക്കു പരാതി നൽകിയത്. ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിക്കെതിരെ പൊലീസ് വഞ്ചനക്കുറ്റം ചുമത്തി കേസെടുത്തെന്നു ബന്ധുക്കൾ ആരോപിക്കുന്നു.

പരാതിക്കാരിയായ യുവതി കഴിഞ്ഞ ഡിസംബറിൽ നടന്ന ബന്ധുവിന്റെ മകളുടെ വിവാഹത്തിനു സാമ്പത്തികമായും അല്ലാതെയും സഹായിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മാസം ഇവരുടെ ഭർത്താവും മറ്റു നാലുപേരും കൂടി യുവതിയുടെ വീട്ടിലെത്തി ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയും പാങ്ങോട് എസ്ഐയെക്കൊണ്ടു കള്ളക്കേസിൽപ്പെടുത്തുമെന്നു ഭീഷണിപ്പെ‌ടുത്തുകയും ചെയ്തു.

ഇതു സംബന്ധിച്ചു പരാതിയുമായി യുവതിയും ബന്ധുക്കളും പാങ്ങോട് സ്റ്റേഷനിൽ ചെന്നപ്പോൾ എസ്ഐ. നിയാസ് മോഷണക്കുറ്റമോ വഞ്ചനാക്കുറ്റമോ ചുമത്തി ജയിലിലടയ്ക്കുമെന്നു ഭീഷണിപ്പെടുത്തുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണ് ആരോപണം.

വീട്ടിലെത്തിയ യുവതി ബ്ലേഡ് കൊണ്ടു കൈ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടർന്ന് ആശുപത്രിയിലായി. ഇതിനു ശേഷം പൊലീസ് യുവതിക്കെതിരെ വഞ്ചനക്കുറ്റം ചുമത്തിയെന്നു മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ വിശദീകരിക്കുന്നു. പരാതിയിൽ പറയുന്ന കാര്യങ്ങളെപ്പറ്റി രണ്ടാഴ്ചക്കകം അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ അസിസ്റ്റന്റ് കമ്മിഷണറെ ചുമതലപ്പെടുത്താൻ മുഖ്യമന്ത്രി നിർദേശം നൽകി.