എസ്.ഡി.പി.ഐ- പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി മുസ്ലിം ലീഗ് നേതാക്കളും സ്ഥാനാര്‍ഥികളുമായ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും നടത്തിയ രഹസ്യചര്‍ച്ചയുടെ വീഡിയോദൃശ്യം പുറത്തുവന്നതിനുപിന്നില്‍ കുഞ്ഞാലിക്കുട്ടിയെന്നു എസ്.ഡി.പി.ഐ നേതാവ്. ഇ.ടിയെ ലക്ഷ്യംവച്ചാണ് നീക്കമെന്നു സംശയിക്കുന്നതായും പ്രമുഖ എസ്.ഡി.പി.ഐ. നേതാവ് മംഗളത്തോട്പറഞ്ഞു.
ശക്തമായ മത്സരം നടക്കുന്ന പൊന്നാനിയില്‍ പിന്തുണ തേടാനാണു ചര്‍ച്ചയെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ഇതിന്റെ ഭവിഷ്യത്തുക്കള്‍ ഇ.ടിയിലേക്കു കേന്ദ്രീകരിക്കാനാണ് കുഞ്ഞാലിക്കുട്ടി ലക്ഷ്യംവച്ചതെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം കുഞ്ഞാലിക്കുട്ടിക്കെതിരേ എസ്.ഡി.പി.ഐ. സംസ്ഥാന അധ്യക്ഷന്‍ അബ്ദുല്‍ മജീദ് ഫൈസിയെ മത്സരിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം. കഴിഞ്ഞതവണ മലപ്പുറത്തു നേടിയ 47,000 വോട്ട് ഇത്തവണ ഒരു ലക്ഷമായി ഉയര്‍ത്തുകയാണ് എസ്.ഡി.പി.ഐയുടെ ലക്ഷ്യം.
ഇതിനായി സംഘടനാസംവിധാനം മുഴുവന്‍ ഉപയോഗിച്ച് മലപ്പുറത്തു പ്രചാരണം നടത്തണമെന്നാണ് സംസ്ഥാന ഭാരവാഹികളുടെ പൊതുവായ വികാരം.
സംവരണം, മുത്തലാഖ് വിഷയങ്ങളില്‍ ഇ.ടി. പാര്‍ലമെന്റില്‍ നടത്തിയ ഇടപെടലുകള്‍ മുസ്ലിം സമുദായത്തിന് ഗുണകരമായ രീതിയിലാണെന്നും ഇതിനാല്‍ ഇ.ടിയെ പിന്തുണയ്ക്കണമെന്നുമുള്ള പൊതുവികാരവും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്.
ഇ.ടി. സ്ഥാനാര്‍ഥിയായ പൊന്നാനിയില്‍ എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ.കെ.സി. നസീറിന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനും ആലോചിക്കുന്നുണ്ട്.
കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ നസറുദ്ദീന്‍ എളമരം, എസ്.ഡി.പി.ഐ -പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ഇക്റാമുല്‍ഹഖ്, സി.പി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി കൊണ്ടോട്ടി തുറക്കലിലെ കെ.ടി.ഡി.സിയുടെ ഹോട്ടല്‍ ടാമറിന്‍ഡിലാണ് കഴിഞ്ഞദിവസം രഹസ്യ ചര്‍ച്ച നടത്തിയത്.
ചര്‍ച്ചയ്ക്കുശേഷം കുഞ്ഞാലിക്കുട്ടിയും മുഹമ്മദ് ബഷീറും നസറുദ്ദീന്‍ എളമരവും പുറത്തേക്ക് പോകുന്ന സി.സി.ടിവി ദൃശ്യങ്ങളാണു പുറത്തുവന്നത്.