സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ ഇന്ന് ഒരു ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മാത്രമാണ് വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ട്. വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.
ഇന്നലെ ചാലക്കുടിയിലാണ് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്. 17 സെന്റിമീറ്റര്‍. പീരുമേട് 15 സെന്റിമീറ്ററും ചേര്‍ത്തല 13 സെന്റിമീറ്ററും രേഖപ്പെടുത്തി.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങിയതും പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കുറയുന്നതുമാണ് മഴ കുറയാന്‍ കാരണം. മഴക്കെടുതിയില്‍ 37 പേരെ കാണാതെയെന്നാണ് സര്‍ക്കാര്‍ കണക്ക് . 1094 ദുരിതാശ്വാസ ക്യാമ്ബുകളിലായി 177335 പേരാണ് കഴിയുന്നത്.