ചൈന കടലിൽനിന്ന് ന്യൂനമർദം ചൊവ്വാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ എത്തിയേക്കും: കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴ: അതീവജാഗ്രത പാലിക്കാന്‍ നിർദ്ദേശം

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റന്നാളോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ചൈന കടലിൽനിന്നാണ് ന്യൂനമർദം ചൊവ്വാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ എത്തുക. ഇതു നേരിയ തോതിൽ ശക്തിപ്പെട്ട് ഒഡീഷ തീരംവഴി കരയിലേക്കു കയറി ഇന്ത്യയുടെ ഹൃദയഭാഗത്തുകൂടി കടന്ന് ഗുജറാത്ത് വരെ സഞ്ചരിക്കാനാണു സാധ്യത. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ,കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പാലക്കാട് ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടായിരിക്കും. ചൊവ്വാഴ്ച ഒൻപത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. അതീവജാഗ്രത പാലിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. കേരള തീരത്ത് 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകള്‍ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണമെന്നും ക്വാറന്റൈനില്‍ കഴിയുന്നവര്‍, രോഗലക്ഷണമുള്ളവര്‍, കോവിഡ് ബാധിക്കുന്നത് മൂലം കൂടുതല്‍ അപകട സാധ്യതയുള്ളവര്‍, സാധാരണ ജനങ്ങള്‍ എന്നിങ്ങനെ നാലുതരത്തില്‍ ക്യാമ്ബുകള്‍ സംഘടിപ്പിക്കാന്‍ വേണ്ടിയാണ് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുള്ളത്.

Loading...

അതേസമയം ഓഗസ്റ്റിൽ സംസ്ഥാനത്ത് ശരാശരിയിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം (ഐഎംഡി). മൺസൂണിന്റെ രണ്ടാം പകുതിയിലെ പ്രകടനം സംബന്ധിച്ച പ്രവചനത്തിലാണ് ഐഎംഡി ഈ മുന്നറിയിപ്പു നൽകിയത്. ഓഗസ്റ്റിലും സെപ്റ്റംബറിലും ദീർഘകാല ശരാശരിയുടെ 104% വരെ മഴ ലഭിക്കാമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. ഇത് 8% ഏറുകയോ കുറയുകയോ ചെയ്യാം. ഈ സാഹചര്യത്തിൽ മൺസൂണിലെ തയാറെടുപ്പുകൾ കാര്യക്ഷമമാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പൊതുജനങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും നിർദേശിച്ചു. ഓറഞ്ച് ബുക്ക് 2020 അനുസരിച്ചുള്ള തയാറെടുപ്പുകളാണു നടത്തേണ്ടത്.