ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യത: വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യത. സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ജാഗ്രത നിർദ്ദേശമില്ല.

സംസ്ഥാനത്ത് മലയോര മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാളെ അഞ്ച് ജില്ലകളിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ ഏഴ് ജില്ലകളിൽ വീതവും ഓറഞ്ച് മുന്നറിയിപ്പ് നൽകി. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കാനും തയാറെടുപ്പുകൾ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. കേരള തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന മുന്നറിയിപ്പ്.

Loading...

കേരളതീരത്ത് കാറ്റിൻറെ വേഗം 40 മുതൽ 50 കി.മി.വരെയാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കിയിൽ മഴ തുടരുന്നു. മലയോര മേഖലകളിലാണ് മഴ ശക്തം. കല്ലാർകുട്ടി, പാമ്പ അണക്കെട്ടുകളുടെ ഓരോ ഷട്ടറുകൾ വീതം തുറന്നു. മഴ തുടർന്നാൽ ദുരിത ബാധിത മേഖലകളിലുള്ളവരെ മാറ്റിപ്പാർപ്പിക്കുമെന്ന് ജില്ലകളക്ടർ അറിയിച്ചു. കാലവർഷം ശക്തിപ്രാപിച്ചതിനെ തുടർന്ന് പാലക്കാട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു. ജില്ലയിൽ അടുത്ത രണ്ടാഴ്ച അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ്.