സംസ്ഥാനത്ത് അടുത്ത 4 ദിവസം കൂടി ശക്തമായ മഴ തുടരും: അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 4 ദിവസം കൂടി ശക്തമായ മഴ തുടരും. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലിൽ അടുത്ത ഞായറാഴ്ചയോടെ ഇരട്ട ന്യുനമർദത്തിനു സാധ്യതയുള്ളതിനാൽ ഇന്ന് മുതൽ കേരള തീരത്ത് മത്സ്യബന്ധനം പൂർണമായി നിരോധിച്ചിട്ടുണ്ട്. ഇപ്പോൾ ആഴക്കടലിൽ ഉള്ളവർ ഇന്ന് രാത്രിയോടെ മടങ്ങിയെത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.

ഇടിമിന്നലും ശക്തമായ കാറ്റും മഴയ്ക്കൊപ്പം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതിനിടയിൽ കാലവർഷം തെക്കൻ ബംഗാൾ ഉൾക്കടലിലും, ആൻഡമാൻ നിക്കോബാർ ദ്വീപിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി മെയ് 31 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് കേരള തീരത്ത് നിന്ന് അധികം അകലെയല്ലാത്ത പ്രദേശമാണ്. മധ്യ പടിഞ്ഞാറൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ അറബിക്കടൽ പ്രദേശത്തുമായി മറ്റൊരു ന്യൂനമർദം മെയ് 29 നോട് കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Loading...

സ്ഥിരമായി കടലാക്രമണ ഭീഷണിയുള്ള മേഖലകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ മണൽച്ചാക്കുകളോ ജിയോ ട്യൂബുകളോ സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ, ജലസേചന വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവർക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. ന്യൂനമർദ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ജില്ലാഭരണകൂടങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും ആവശ്യമായ തയ്യറെടുപ്പുകൾ നടത്താൻ ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷക്കായി മുൻകരുതൽ നിർദേശങ്ങൾ തയ്യാറാക്കി മൽസ്യബന്ധന കേന്ദ്രങ്ങളിലും മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലും പ്രചരിപ്പിക്കാനും ഫിഷറീസ് വകുപ്പിനോട് നിർദേശിച്ചു.