അറബിക്കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം; തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് കേരളത്തില്‍ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കും കടല്‍ത്തീരത്തേയ്ക്കുള്ള വിനോദ സഞ്ചാരികള്‍ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കടല്‍ത്തീരങ്ങളിലേയ്ക്കുള്ള വിനോദയാത്ര പരമാവധി ഒഴിവാക്കണമെന്നും ഒരു കാരണവശാലും കടലില്‍ ഇറങ്ങാന്‍ പാടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കേരളതീരത്തും തെക്ക് അറബിക്കടല്‍, മാലദ്വീപ്, ലക്ഷദ്വീപ് മേഖലകളിലും ഞായറാഴ്ച മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയും ഉണ്ടാവും. ഈ മേഖലകളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. കൂടാതെ, അടുത്ത നാല് ദിവസങ്ങളിലും കാറ്റും മോശം കാലാവസ്ഥയും തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Loading...

സംസ്ഥാനത്തെ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മഴ ശക്തമായേക്കും. തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഇക്വറ്റോറിയല്‍ പ്രദേശങ്ങളിലാണ് ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നത്. അടുത്ത 48 മണിക്കൂറില്‍ ഇത് ശക്തിപ്രാപിക്കുമെന്നാണ് കരുതുന്നത്. കൂടാതെ, അടുത്ത 24 മണിക്കൂറില്‍ ലക്ഷദ്വീപിനും തെക്ക് കിഴക്ക് അറബിക്കടലിനും മുകളിലായി മറ്റൊരു ന്യൂനമര്‍ദംകൂടി രൂപപ്പെടാന്‍ സാധ്യതയുണ്ട്.

അതേ സമയം ശക്തമായ മഴയെ തുടർന്ന് ചെന്നൈയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ശക്തമായ മഴ തുടരുന്നതിനാൽ ഇന്ന് സ്കൂളുകൾക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ആര്‍ സേതുലക്ഷ്മി വ്യക്തമാക്കി. ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നീ ജില്ലകളിലെ സ്‌കൂളുകള്‍ക്കും അവധിയായിരിക്കും. മാത്രമല്ല മദ്രാസ് യൂണിവേഴ്‌സിറ്റിയും തിരുവള്ളുവര്‍ യൂണിവേഴ്‌സിറ്റിയും പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്.

അതേസമം തമിഴ്‌നാട്ടില്‍ അതി ശ്ക്തമായ മഴയാണ് പെയ്യുന്നത്. കനത്ത മഴയെ തുടര്‍ന്ന് പുതുച്ചേരിയിലും തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളിലും ജനജീവിതം സ്തംഭിച്ചു. രണ്ട് ദിവസമായി മഴ നിര്‍ത്താതെ പെയ്യുകയാണ്. ശക്തമായ മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതോടെ റോഡ് ഗതാഗതത്തേയും ബാധിച്ചിട്ടുണ്ട്.

കാരക്കല്‍, കര്‍ണ്ണാടകയുടെ തെക്കന്‍ ഭാഗങ്ങള്‍, കൈരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ മഴ രണ്ടുദിവസംകൂടി കനക്കുമെന്നാണ് റിപ്പോര്‍ട്ട്. ശക്തമായ കാറ്റ് അറബിക്കടലിനെ ചുറ്റി ലക്ഷദ്വീപിനേയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇറാനില്‍ നിന്ന് ഉത്ഭവിച്ച ചുഴലിക്കാറ്റ് ഹിമാലയം കടന്ന് കിഴക്കന്‍ തീരങ്ങളെ ബാധിക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ടായിരുന്നു.

അതേസമയം കേരളത്തിലും മഴ ശക്തമാകുമെന്നാണ് വിവരം. കന്യാകുമാരി മുതലുള്ള തെക്കന്‍ തീരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ കാറ്റിന്റെ വേഗതയുണ്ടാകാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതോടൊപ്പം തന്നെ ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് പൊതുജനത്തിന് നിര്‍ദേശം നല്‍കി.