പ്രവാസികളെ സ്വീകരിക്കാനായി കേരളം ഒരുങ്ങി; നിരീക്ഷണത്തിലാക്കാന്‍ രണ്ടര ലക്ഷം മുറികള്‍ തയ്യാര്‍

തിരുവനന്തപുരം: കൊറോണ ഭീതിയില്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് എത്രയും പെട്ടന്ന് നാട്ടില്‍ എത്തിയാല്‍ മതിയെന്നാണ്. അതുപോലെ തന്നെ അവരെ വളരെ പെട്ടന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലുമാണ് സര്‍ക്കാരുകളും. കൊറോണ കേസുകള്‍ നിലവില്‍ കേരളത്തില്‍ കുറഞ്ഞു വരുന്നുണ്ട്. എന്നാല്‍ ഇനി പുറത്തു കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ നാട്ടിലെത്തിയാല്‍ നിര്‍ബന്ധമായും അവരെ ക്വാറന്റൈനില്‍ പാര്‍പ്പിക്കേണ്ടത് അത്യാവശ്യവുമാണ്.

നിരവധി പ്രവാസികളാണ് ഇത്തരത്തില്‍ കേരളത്തിലെത്താന്‍ പോകുന്നത്. അതുകൊണ്ട് തന്നെ അവര്‍ക്ക് വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാനുള്ള തിരക്കിലാണ് സര്‍ക്കാരും. പ്രവാസികള്‍ കൂട്ടത്തോടെ തിരികെയെത്തിയാല്‍ അവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിനായി ജില്ലകളില്‍ നിരീക്ഷണകേന്ദ്രങ്ങളൊരുക്കും.

Loading...

ഹോട്ടലുകളും റിസോർട്ടുകളും ഇതിനായി ഏറ്റെടുക്കും. സ്ഥാപനങ്ങൾ കണ്ടെത്താനും ക്രമീകരണങ്ങളൊരുക്കാനും കളക്ടർമാർക്ക് നിർദേശം നൽകി. താമസസൗകര്യം കണ്ടെത്താനുള്ള നടപടിയാണ് തുടങ്ങിയത്. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിനാണ് മുറികൾ സജ്ജീകരിക്കുന്നതിനുള്ള ചുമതല. രണ്ടരലക്ഷം മുറികൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 1.24 ലക്ഷം മുറികളിൽ എല്ലാസൗകര്യവും ഉറപ്പുവരുത്തി.

പണം നൽകി ഉപയോഗിക്കാൻ പാകത്തിലുള്ളതും അല്ലാത്തതുമായ കെയർ സെന്ററുകളാണ് പ്രവസികൾക്കായി തയ്യാറാക്കുക. ആലപ്പുഴയിൽ പുരവഞ്ചികളിലടക്കം താമസസൗകര്യമുണ്ട്. 2000 കിടക്കകളാണ് പുരവഞ്ചിയിലുള്ളത്. വയനാട് ജില്ലയിലെ മുഴുവൻ ഹോട്ടലുകളും റിസോർട്ടുകളും വില്ലകളുമടക്കം 135 സ്ഥാപനങ്ങൾ ഇതിനകം ഏറ്റെടുത്ത് കോവിഡ് കെയർ സെന്ററുകളാക്കി. മറ്റ് ജില്ലകളിലും ഏറ്റെടുക്കേണ്ട ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും പട്ടിക തയ്യാറാക്കി.