പെണ്‍വാണിഭ റാക്കറ്റിലെ മുഖ്യകണ്ണി സീമ പിടിയിലായതോടെ പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

റിസപ്ഷനിസ്റ്റിന്റെ ഒഴിവിലേക്ക് യുവതികളെ റിക്രൂട്ട് ചെയ്ത് ജോലിക്ക് എത്തിക്കുന്നത് സെക്‌സ്‌റാക്കറ്റിലേക്ക്. പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് തൃശൂരില്‍ പിടിയിലായ യുവതിയില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തെത്തുന്നത്. ഇവരുടെ കെണിയില്‍ കൂടുതലും അകപ്പെട്ടത് അന്യസംസ്ഥാന യുവതികളാണ്. മാനക്കേട് ഭയന്ന് കെണിയില്‍പ്പെട്ടവര്‍ കാര്യങ്ങള്‍ പുറത്ത് പറഞ്ഞിരുന്നില്ല.

സംസ്ഥാനാന്തര പെണ്‍വാണിഭ റാക്കറ്റിന്റെ മുഖ്യനടത്തിപ്പുകാരിയായ തൃശൂര്‍ ഷൊര്‍ണൂര്‍ റോഡിനു സമീപത്തെ ഫ്‌ളാറ്റില്‍ താമസിക്കുന്ന തളിക്കുളം കണ്ണോത്ത് പറമ്പില്‍ സീമ (42)യാണ് അറസ്റ്റിലായത്. ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഇവര്‍ കീഴടങ്ങുകയായിരുന്നെന്നും സൂചനയുണ്ട്. പെണ്‍വാണിഭത്തിനും ഭീഷണിപ്പെടുത്തി പണം തട്ടിയതിനുമടക്കം 2016 മുതല്‍ വിവിധ സ്റ്റേഷനുകളിലായി ഇവരുടെ പേരില്‍ ഏഴു കേസുകളുണ്ട്.

Loading...

തൃശൂര്‍ നഗരം കേന്ദ്രീകരിച്ച് ഇവര്‍ നടത്തിയിരുന്ന വന്‍കിട പെണ്‍വാണിഭ സംഘത്തിലെ പന്ത്രണ്ടോളം പേരെ ഒരാഴ്ചയ്ക്കിടെ രണ്ടു ഹോട്ടലുകളില്‍ നിന്നായി പൊലീസ് പിടികൂടിയിരുന്നു.മുന്‍പും സമാന കേസില്‍ അറസ്റ്റുണ്ടായിട്ടുണ്ട്. പോസ്റ്റ് ഓഫിസ് റോഡിനു സമീപത്തെ ലോഡ്ജില്‍ നിന്നു കഴിഞ്ഞ ദിവസം ഒന്‍പതു യുവതികള്‍ അടക്കമുള്ള സംഘത്തെ ഈസ്റ്റ് പൊലീസ് പിടികൂടിയിരുന്നു. ഇതില്‍ ഏഴു പേരും ഇതര സംസ്ഥാനക്കാരാണ്. ഒരാഴ്ച മുന്‍പ് നഗരത്തിലെ വന്‍കിട ഹോട്ടലില്‍ നിന്നു മൂന്നുപേരെയും പിടികൂടി.

സീമയുടെ നേതൃത്വത്തിലുള്ള സംഘം കര്‍ണാടക, അസം, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച ലൈംഗിക തൊഴിലാളികളാണ് പിടിക്കപ്പെട്ടത്.ഇതിന്റെ അടിസ്ഥാനത്തിലാണ് സീമയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചത്. നഗരത്തിലെ പല ഹോട്ടലുകളിലും ഇവര്‍ ഇതരസംസ്ഥാനക്കാരായ യുവതികളെ താമസിപ്പിക്കുന്നതായി പൊലീസ് കണ്ടെത്തി. ഹോട്ടലുകളിലും മറ്റും ജോലിക്കെന്ന പേരിലാണ് യുവതികളെ റിക്രൂട്ട് ചെയ്തിരുന്നത്. പൊലീസ് റെയ്ഡ് ഉണ്ടായാല്‍ യുവതികളെ ജാമ്യത്തിലെടുക്കാനും രക്ഷപ്പെടുത്താനും കൃത്യമായ സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു.