കേരളത്തിന്‌ തണുക്കാൻ കാരണമുണ്ട്; കാത്തിരിക്കുന്നത് ദുരന്തമോ…?

കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെയുണ്ടായ ഏറ്റവും ശക്തമായ ശൈത്യത്തിലൂടെയാണ് കേരളം കടന്നു പോവുന്നത്. മൈനസ് അഞ്ച് മുതല്‍ പതിനഞ്ച് ഡിഗ്രി വരെയാണ് ഒരാഴ്ചയായി കേരളത്തിലെ താപനില. ഒന്നോ രണ്ടോ ദിവസങ്ങള്‍ മഞ്ഞ് കനക്കുകയും പിന്നീട് സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്തിരുന്ന കേരളത്തിലെ മഞ്ഞുകാലത്തിന്റെ ഗതി മാറിയിരിക്കുന്നു. മൂന്നാര്‍ പോലുള്ള പ്രദേശങ്ങളില്‍ പോലും ഒരാഴ്ചയിലധികം മൈനസ് അഞ്ചും, മൈനസ് മൂന്നും തണുപ്പ് തുടരുന്നത് അപൂര്‍വമാണ്.

വൈകിട്ട് അഞ്ച് മണി കഴിഞ്ഞാല്‍ വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന മഞ്ഞും തണുപ്പും വന്ന് മൂടും. വെയിലുറച്ചാലും തണുപ്പ് തങ്ങി നില്‍ക്കും. എന്താണ് ഇപ്പോള്‍ കേരളമനുഭവിക്കുന്ന തണുപ്പിന് കാരണം?

കാലാവസ്ഥയിലുണ്ടായ നേരിയ മാറ്റമായി മാത്രം ഇതിനെ കണ്ടാല്‍ മതിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുമ്പോള്‍ ലോകമെമ്പാടും സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ഒരു വശം കൂടിയാണിതെന്നും ഇനി കേരളത്തില്‍ കൊടും വേനലിനും വരള്‍ച്ചക്കും കൂടിയുള്ള സാഹചര്യമൊരുങ്ങുകയാണെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സോളാര്‍ വോള്‍ടെക്‌സ് എന്ന പ്രതിഭാസം കാരണമാണ് നിലവില്‍ കേരളത്തിലും ശൈത്യത്തിന്റെ കാഠിന്യം വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് കുസാറ്റ് കാലാവസ്ഥാ പഠന കേന്ദ്രം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.എസ് അഭിലാഷ് പറയുന്നു. ചില പ്രത്യേക സമയങ്ങളില്‍ സംഭവിക്കുന്ന സോളാര്‍ വോള്‍ടെക്‌സ് മൂലം ധ്രുവ പ്രദേശങ്ങളില്‍ നിന്ന് തണുപ്പ് കൂടിയ വായു തെക്കോട്ട് വീശുന്നതാണ് കേരളത്തില്‍ ഉള്‍പ്പെടെ അനുഭവപ്പെടുന്ന കടുത്ത തണുപ്പിന് കാരണമാവുന്നത്.

എന്നാല്‍ ഇതിന് കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമായി ബന്ധവമുണ്ട്. ആര്‍ട്ടിക്കില്‍ മഞ്ഞുരുകുകയാണ്. അത് സഡണ്‍ സ്റ്റാറ്റോസ്‌ഫെറിക് വാമിങ്ങിന് കാരണമാവുകയും കാറ്റിന്റെ ഗതിയില്‍ മാറ്റം വരുകയും ചെയ്യുന്നു. യുറേഷ്യയിലെ സ്‌നോ കവറിനും ഈ പ്രതിഭാസവുമായി ബന്ധമുണ്ട്.

മഴയ്‌ക്കൊപ്പം മഞ്ഞും ഏറി തന്നെയിരിക്കുന്നതിനാല്‍ ഈ വര്‍ഷം വേനലും കടുക്കും എന്ന നിരീക്ഷണമാണ് പരിസ്ഥിതി-കാലാവസ്ഥാ വിദഗ്ദ്ധര്‍ പങ്കുവക്കുന്നത്. കഴിഞ്ഞവര്‍ഷങ്ങളില്‍ വേനലിന്റെ കാഠിന്യവും ചൂടും മുന്‍ വര്‍ഷങ്ങളുടേതിനെ അപേക്ഷിച്ച് കൂടുതലായിരുന്നു. സൂര്യാതപമേറ്റ് നിരവധി പേരാണ് ആശുപത്രികളില്‍ ചികിത്സ തേടിയത്.

എന്നാല്‍ ഇത്തവണ സ്ഥിതി അതീവ ഗുരുതരമാവാനുള്ള മറ്റൊരു സാഹചര്യത്തെക്കുറിച്ച് കൂടിയാണ് വിദഗ്ദ്ധര്‍ സംസാരിക്കുന്നത്. 2019ല്‍ ഇന്ത്യയില്‍ എല്‍ നിനോ പ്രതിഭാസം വീണ്ടും സജീവമാകുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍.