തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. മുപ്പത് സിനിമകളാണ് അന്തിമ പട്ടികയില്‍ ഉള്ളത്. വൈകിട്ട് അഞ്ച് മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക.
ചലച്ചിത്രലോകം കാത്തിരിക്കുന്ന പുരസ്കാര പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണുളളത്. മലയാള സിനിമയിലെ മുന്‍നിര അഭിനേതാക്കളും യുവതലമുറയും തമ്മില്‍ കടുത്തമല്‍സരമാണ്. സമീപകാലത്തെങ്ങും ഇത്രയധികം താര ചിത്രങ്ങള്‍ അവാര്‍ഡിന് അണിനിരന്നിട്ടില്ല. മമ്മൂട്ടി , മോഹന്‍ലാല്‍, സുരേഷ് ഗോപി,കുഞ്ചാക്കോ ബോബന് ,പൃഥിരാജ് ,ഇന്ദ്രന്‍സ്, ജയസൂര്യ..
യുവനിരയില്‍ ദുല്‍ഖര്‍ സല്മാന്, , പ്രണവ് മോഹന്‍ലാല്‍, ഫഹദ് ഫാസില്‍,ടോവിനോ തോമസ്. കുഞ്ചാക്കോ ബോബന് കന്നി അവാര്‍ഡ് കിട്ടുമെന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്. മലയാളത്തിലെ എല്ലാ മുന്‍നിര നായകന്മാരുടെയും നായികമാരുടെയും ചിത്രങ്ങള്‍ ഒന്നിച്ചു സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി എത്തുന്നത് ഇതാദ്യമായാണ്.
മികച്ച നടിക്കുള്ള പുരസ്കാരത്തിനും കടുത്ത മത്സരമാണ്. മഞ്ജു പിള്ള, മഞ്ജു വാരിയര്‍,പാര്‍വതി തിരുവോത്ത്,അന്ന ബെന്‍,ദര്‍ശന രാജേന്ദ്രന് എന്നിവര്‍ അന്തിമപട്ടികയിലുണ്ട്. റോജിന്‍ തോമസ് സംവിധാനം ചെയ്ത ‘ഹോം’, വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയ ‘നിഷിദ്ധോ’,അവനോവിലോന, എന്നിവയാണ് മത്സരവിഭാഗത്തിലെ പ്രധാന ചിത്രങ്ങള്‍. മികച്ച സംവിധായകന്, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, സംഗീത സംവിധായകന് എന്നീ പുരസ്കാരങ്ങള്‍ക്കും കടുത്ത മത്സരമാണ്. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സയാണ് ജൂറി ചെയര്മാന്.