സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂർണലോക്ക്ഡൗൺ ഒഴിവാക്കി

തിരുവനന്തപുരം: ‌ സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂർണലോക്ക്ഡൗൺ ഒഴിവാക്കി. ഇനി മുതൽ ഒരു ഞായറാഴ്ചകളിലും സംസ്ഥാനത്ത് പൂർണ അടച്ചിടൽ ഉണ്ടാകില്ല. സാധാരണ നിലയിലുള്ള ഇളവുകള്‍ ഇനിമുതല്‍ ഞായറാഴ്ചകളിലും ഉണ്ടാകും.

കഴിഞ്ഞയാഴ്ച അടക്കം നൽകിയ ഇളവുകൾ പരിശോധിച്ചാണ് ഇനി അങ്ങോട്ടുള്ള ഞായർ അടച്ചിടൽ തുടരേണ്ടെന്ന് സംസ്ഥാനസർക്കാർ തീരുമാനിച്ചത്. നിലവില്‍ തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ ഉള്ള ഇളവുകള്‍ ഞായറാഴ്ചകളിലും ഉണ്ടാകും. കടകമ്പോളങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാം.

Loading...

എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലും മറ്റ് തീവ്രബാധിത മേഖലകളിലുമുള്ള എല്ലാ ജാഗ്രതാ നിര്‍ദേശങ്ങളും അതേപോലെ തുടരും. ഇവിടങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. അതേസമയം, ജനങ്ങൾ സർക്കാർ നിർദേശിക്കുന്ന എല്ലാ ജാഗ്രതാ നിർദേശങ്ങളും പാലിക്കണമെന്നും സംസ്ഥാനസർക്കാർ വ്യക്തമാക്കുന്നു. ഉടൻ ഇത് സംബന്ധിച്ച് വിശദമായ ഉത്തരവിറക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.