ഇന്ദുവും രഞ്ജിത്തും വിട പറഞ്ഞത് വിവാഹ വാര്‍ഷികാഘോഷത്തിന് ശേഷം

കോഴിക്കോട് : നേപ്പാളില്‍ രണ്ട് കുടുംബത്തിലെ 8 മലയാളികള്‍ മരിച്ച വിവരം ഇനിയും മലയാളികള്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. അപ്പോള്‍ ബന്ധുക്കാരുടേയും സുഹൃത്തുക്കളുടെയും അവസ്ഥയോ. കോഴിക്കോട് സ്വദേശികളായ രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും വിയോഗത്തിന്റെ ഞെട്ടലില്‍ നിന്ന് ഇതുവരെ മുക്തരായിട്ടില്ല വീട്ടുകാരും നാട്ടുകാരും. ദിവസങ്ങള്‍ക്ക് മുന്‍പ് വിവാഹവാര്‍ഷികം ആഘോഷിച്ചാണ് ഇരുവരും വിനോദയാത്രയ്ക്കായി നേപ്പാളിലേക്ക് തിരിച്ചത്.

നേപ്പാളിന്റെ പ്രകൃതിഭംഗി ആസ്വദിച്ച് തിങ്കളാഴ്ച രാത്രിയോടെയാണ് രഞ്ജിത്തിന്റെയും തിരുവനന്തപുരം സ്വദേശി പ്രവീണിന്റെയും കുടുംബം ഉള്‍പ്പെടെയുള്ള 15 അംഗ സംഘം ദമനിലെ റിസോര്‍ട്ടില്‍ എത്തിയത്. പക്ഷേ, മുറിയിലെ ഗ്യാസ് ഹീറ്ററിന്റെ കാര്‍ബണ്‍ മോണോക്‌സൈഡ് ആ മുറിയിലെ എട്ടുപേരുടെ ജീവനെടുക്കുകയായിരുന്നു. ശ്വാസംമുട്ടി എട്ടുപേര്‍ക്കും ദാരുണാന്ത്യം. മറ്റൊരു മുറിയിലായതിനാല്‍ രഞ്ജിത്തിന്റെ മൂത്ത മകന്‍ മാധവ് ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടു.

Loading...

നേരത്തെ ടി.സി.എസില്‍ ജോലി ചെയ്തിരുന്ന രഞ്ജിത് നിലവില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് സ്വന്തമായി സോഫ്റ്റ്‌വെയര്‍ സംബന്ധമായ ബിസിനസ് ചെയ്തുവരികയാണ്. ഭാര്യ ഇന്ദു കാരന്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ ക്ലാര്‍ക്കും. ജനുവരി 16-നായിരുന്നു ഇവരുടെ വിവാഹവാര്‍ഷികം. കേക്ക് മുറിച്ചുള്ള ആഘോഷചിത്രങ്ങള്‍ ഇവര്‍ സുഹൃത്തുക്കള്‍ക്കായി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

രണ്ടുവയസ്സുകാരനായ വൈഷ്ണവ് ഇവരോടൊപ്പം അപകടം സംഭവിച്ച മുറിയിലാണുണ്ടായിരുന്നത്. മൂത്ത മകന്‍ മാധവ് മറ്റൊരു മുറിയിലായതിനാല്‍ മാത്രം രക്ഷപ്പെട്ടു. കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയാണ് മാധവ്. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശിയായ പ്രവീണ്‍ കുമാര്‍ നായരും ഭാര്യ ശരണ്യയും കുടുംബസമേതം കൊച്ചി ഇടപ്പള്ളിയിലാണ് താമസം നേപ്പാളിലുണ്ടായ ദുരന്തത്തില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മക്കളായ ശ്രീഭദ്രയും ആര്‍ച്ചയും അഭിനവും മരിച്ചു.

യാത്രകള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ദമ്പതിമാരായിരുന്നു ഇവര്‍. ശരണ്യ എറണാകുളം അമൃതയില്‍ എം.ഫാം വിദ്യാര്‍ഥിനിയാണ്. നേപ്പാളിലെ കാഠ്മണ്ഡുവില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ വ്യാഴാഴ്ച എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലെത്തിക്കും. ബുധനാഴ്ച ഇന്ത്യന്‍ എംബസി അധികൃതര്‍ ഉള്‍പ്പെടെയുള്ളവരുടെ മേല്‍നോട്ടത്തിലായിരിക്കും പോസ്റ്റുമോര്‍ട്ടം നടപടികള്‍.