ന്യൂഡല്‍ഹി: പണം തട്ടിപ്പുകാരുടെ ഫോണ്‍ വിളിയില്‍ കുടുങ്ങി രണ്ടു കേരള എംപിമാര്‍. രണ്ടു കേരള എംപിമാരുടേയും ബാങ്ക് അക്കൗണ്ടുകള്‍ കാലിയായി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ, പൊലീസ് ജാര്‍ഖണ്ഡില്‍ നിന്നു തട്ടിപ്പുകാരെ പിടികൂടിയെങ്കിലും പണം തിരികെ കിട്ടിയിട്ടില്ല. പാര്‍ലമെന്റ് സമ്മേളനത്തിനെത്താനുള്ള തിരക്കില്‍ നാട്ടില്‍നിന്നു വിമാനം കയറുന്നതിനിടെ വന്ന വിളിയാണു തന്നെ കുടുക്കിയതെന്ന് എംപിമാരിലൊരാള്‍ പറഞ്ഞു. താങ്കളുടെ അക്കൗണ്ടില്‍ ആരോ തട്ടിപ്പു നടത്തിയിരിക്കുന്നുവെന്നായിരുന്നു ആര്‍ബിഐ ഉദ്യോഗസ്ഥനെന്നു സ്വയം പരിചയപ്പെടുത്തിയയാള്‍ നല്‍കിയ മുന്നറിയിപ്പ്.
അക്കൗണ്ട്, എടിഎം കാര്‍ഡ് വിശദാംശങ്ങള്‍ ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എംപി സംശയിച്ചില്ല. തന്റെ ഫോണിലെത്തിയ ഒടിപി നമ്പറും കൈമാറി. ഒരു ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ട ശേഷമാണ് എംപിക്കു തട്ടിപ്പു ബോധ്യപ്പെട്ടത്. രണ്ടാമത്തെ എംപിക്കു നഷ്ടപ്പെട്ടത് എഴുപതിനായിരം രൂപയോളം.
അക്കൗണ്ട്, എടിഎം വിശദാംശങ്ങള്‍, പിന്‍ നമ്പര്‍ തുടങ്ങിയവ ഫോണില്‍ കൂടി ആര്‍ക്കും കൈമാറരുതെന്നു റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പുണ്ട്. പ്രമുഖ ബാങ്കുകളും ഇടയ്ക്കിടെ സമാന മുന്നറിയിപ്പു നല്‍കാറുണ്ട്.
ഡല്‍ഹിയിലെ പൊലീസ് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു വെളിപ്പെട്ടു. വന്‍ ശൃംഖലയുടെ ഭാഗമാണെന്നു സംശയിക്കുന്ന ഏതാനും പേര്‍ പിടിയിലായിട്ടുണ്ട്. നൂറു കണക്കിനാളുകളില്‍ നിന്നായി വന്‍ തുക ഇവര്‍ തട്ടിയെടുത്തിട്ടുണ്ടെന്നു പൊലീസ് സംശയിക്കുന്നു. ഐടി പ്രഫഷനലുകളാണു തട്ടിപ്പു സംഘത്തിന്റെ തലപ്പത്ത്.