മകളുടെ വിവാഹത്തിന് നാട്ടിൽ പോകാനിരുന്ന മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: മകളുടെ വിവാഹമെന്ന സ്വപ്നവുമായി നാട്ടിലേക്ക് പറക്കാനിരുന്ന പിതാവ് ഹൃദയാഘാതം മൂലം മരിച്ചു. മകളുടെ വിവാഹത്തിനായി അടുത്ത മാസമാണ് പോകാനിരുന്നത്. കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശി സുനീഷ് മുണ്ടച്ചാലിൽ (59) ആണ്​ വെള്ളിയാഴ്ച ഹൃദയാഘാതം മൂലം മരിച്ചത്​.

റിയാദിന് സമീപം അൽഖർജിലെ താമസസ്ഥലത്തുവെച്ചാണ് മരണം സംഭവിച്ചത്. കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ സഹബ യൂനിറ്റംഗമായിരുന്നു സുനീഷ്. കഴിഞ്ഞ ‍29 വർഷമായി അൽ അഖ്​​വേൻ ചിക്കൻ കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. അടുത്തമാസം മകളുടെ വിവാഹത്തിന് നാട്ടിൽ പോകാനിരിക്കെയാണ് അന്ത്യം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനം കേളി അൽഖർജ് ഘടകം ജീവകാരുണ്യ വിഭാഗം ജോയിൻറ്​ കൺവീനർ ഷാജഹാൻ കൊല്ലത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

Loading...

കണ്ണൂർ പറശ്ശിനിക്കടവ് പുതിയപുരയിൽ ചന്ദ്രശേഖരൻ, -നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: ജൂലാ സുനീഷ്​. ഏകമകൾ മാളവിക. കഴിഞ്ഞ വർഷം ആഗസ്​റ്റിലാണ് നാട്ടിൽ നിന്ന്​ അവധി കഴിഞ്ഞെത്തിയത്.