ദില്ലിയിലെ കൽറ ആശുപത്രിയിൽ രണ്ട് മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ദില്ലി: ദില്ലിയിൽ കോവിഡ് വ്യാപകമാകുന്നു. കൽറ ആശുപത്രിയിൽ ജോലിചെയ്യുന്ന രണ്ട് മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവിടെ തന്നെ ജോലി ചെയ്തിരുന്ന മലയാളി നഴ്സ് അംബിക കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നത്. ദില്ലിയിൽ കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ മലയാളിയായിരുന്നു അംബിക. അതിനിടയിൽ തന്നെ ആശുപത്രിക്കെതിരെ ​ഗുരുതര ആരോപണങ്ങളും ഉയർന്നിരുന്നു.

ഉപയോ​ഗിച്ച പിപിഇ കിറ്റുകളാണ് വീണ്ടും ഉപയോ​ഗിക്കാൻ നൽകിയതെന്നും നഴ്സുമാർ സുരക്ഷാ ഉപകരണങ്ങൾ ചോദിച്ചപ്പോൾ ആശുപത്രി അധികൃതർ നൽകിയില്ലെന്നുമാണ് അംബികയുടെ സഹപ്രവർത്തക വെളിപ്പെടുത്തിയത്. മാസ്ക് ചോദിച്ചപ്പോൾ തുണികൊണ്ട് മുഖം മറയ്ക്കാൻ ആവശ്യപ്പെട്ടു. കുറഞ്ഞ എണ്ണം സ്റ്റാഫിനെ കൊണ്ട് കൂടുതൽ രോഗികളെ നോക്കാൻ ആവശ്യപ്പെട്ടു. നഴ്സുമാർക്ക് ഉപയോ​ഗിച്ച പിപിഇ കിറ്റുകളാണ് നൽകിയതെന്നും ഇവർ ആരോപിച്ചിരുന്നു.

Loading...

പല രോ​ഗികളും കൊവിഡ് ലക്ഷണങ്ങളോടെയാണ് എത്തിയിരുന്നത്. എന്നാൽ രോഗികൾക്ക് കൊവിഡ് ഉണ്ടോ എന്ന് പരിശോധിക്കാൻ തയ്യാറായില്ലെന്നും എത്രയൊക്കെ പറഞ്ഞിട്ടും ആശുപത്രി അധികൃതർ നടപടികൾ സ്വീകരിച്ചില്ലെന്നും അംബികയ്ക്ക് പി പി ഇ കിറ്റുകൾ ആവശ്യപ്പെട്ട് വഴക്ക് ഉണ്ടാക്കേണ്ടി വന്നെന്നും സഹപ്രവർത്തക പറഞ്ഞിരുന്നു. അതേസമയം അംബികയുടെ ചികിത്സക്കായി കൽറ ആശുപത്രി വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന് കുടുംബവും ആരോപിച്ചിരുന്നു. ചികിത്സ നടത്തിയ സഫ്ദർദംഗ് ആശുപത്രിയിലും വേണ്ട സൗകര്യങ്ങൾ കിട്ടിയില്ലെന്നും അംബികയുടെ കുടുംബാം​ഗങ്ങൾ പറഞ്ഞിരുന്നു. അതേ ആശുപത്രിയിലാണ് വീണ്ടും മലയാളി നഴ്സുമാർക്ക് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്.