ട്രമ്പിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് കെന്നത് ജസ്റ്റര്‍ ഇന്ത്യയിലെ പുതിയ അമേരിക്കന്‍ അംബാസഡര്‍

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് കെന്നത് ജസ്റ്റര്‍ ഇന്ത്യയിലെ പുതിയ അമേരിക്കന്‍ അംബാസഡറായി സ്ഥാനമേല്‍ക്കുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. പ്രസിഡന്റിന് ഉപദേശം നല്‍കുന്ന ഇന്റര്‍നാഷണല്‍ ഇക്കണോമിക് അഫയേഴ്‌സില്‍ ഡെപ്യൂട്ടി അസിസ്റ്റന്റായും, നാഷണല്‍ ഇക്കണോമിക് കൗണ്‍സിലില്‍ ഡെപ്യൂട്ടി ഡയറക്ടറായും 62 കാരനായ ജസ്റ്റര്‍ പ്രവര്‍ത്തിച്ചു വരികയാണ്. സെനറ്റിന്റെ സ്ഥിരീകരണം ലഭിച്ചാല്‍ ഇപ്പോള്‍ അംബാസഡറായ ഇന്ത്യന്‍ അമേരിക്കന്‍ വംശജനായ റിച്ചാര്‍ഡ് വര്‍മയുടെ പിന്‍ഗാമിയായി ജസ്റ്റര്‍ ന്യൂഡല്‍ഹിയില്‍ എത്തും.
ഈ സ്ഥാനത്തിന് സര്‍വതാ യോഗ്യനായ വ്യക്തിയാണ് ജസ്റ്റര്‍ എന്ന് ഇതു സംബന്ധിച്ച് വാഷിംഗ്ടണ്‍ പോസ്റ്റില്‍ വന്ന വാര്‍ത്ത സ്ഥിരീകരിച്ചു കൊണ്ട് വൈറ്റ്ഹൗസ് ഡെപ്യൂട്ടി വക്താവ് ലിന്‍ഡ്‌സെ വാള്‍ട്ടേഴ്‌സ് പറഞ്ഞു. വൈറ്റ്ഹൗസില്‍ പ്രസിഡന്റ് ഉള്‍പ്പെടെ എല്ലാവരുമായി വളരെ ദൃഢമായ ബന്ധമാണ് ജസ്റ്ററിനുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ജസ്റ്ററിനെ ഇന്ത്യയില്‍ അംബാസഡറാക്കാനുള്ള നീക്കം ഏറെ സ്വാഗതാര്‍ഹമാണെന്ന് ഇന്ത്യന്‍ വിഷയത്തില്‍ വിദഗ്ധനെന്ന നിലയില്‍ അമേരിക്കയില്‍ ഏറെ ആദരിക്കപ്പെടുന്ന ആഷ്‌ലി ടെലിസ് പറഞ്ഞു. ഇന്ത്യയെപ്പറ്റി വളരെ അടുത്ത് അറിയാവുന്ന ജസ്റ്റര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വിജയകരമായ ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രമ്പ് അധികാരമേറ്റപ്പോള്‍ തന്നെ ഒബാമ നിയമിച്ച റിച്ചാര്‍ഡ് വര്‍മ രാജിക്കത്ത് നല്‍കിയിരുന്നു.