കെവിന്‍ വധക്കേസില്‍ രണ്ട് സാക്ഷികള്‍ കൂടി പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറി

കോട്ടയം : കെവിന്‍ വധക്കേസ് വിചാരണയ്ക്കിടെ രണ്ട് സാക്ഷികള്‍ കൂടി പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറി. 27 -ാം സാക്ഷി അലന്‍, 98 -ാം സാക്ഷി സുലൈമാന്‍ എന്നിവരാണ് കൂറുമാറിയത്. ഇന്നലെയും രണ്ടുപേര്‍ കൂറുമാറിയിരുന്നു. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം അഞ്ചായി.

കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെ പ്രതികളെത്തിയ പമ്പിലെ ജീവനക്കാരന്‍ അലന്‍, എട്ടാം പ്രതിയായ നിഷാദിന്റെ അയല്‍വാസി സുലൈമാന്‍ എന്നിവരാണ് ഇന്ന് കൂറു മാറിയത്.

Loading...

രണ്ടാം പ്രതി നിയാസിന്റെ അയല്‍വാസികളായ സുനീഷ്, മുനീര്‍ എന്നിവരാണ് ഇന്നലെ പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്‍കിയത്. കഴിഞ്ഞ ജൂണ്‍ ഏഴിന് നിയാസിന്റെ വീട്ടില്‍ പോലീസ് തെളിവെടുപ്പ് നടത്തിയപ്പോള്‍ സാക്ഷികളായിരുന്നു മൊഴി മാറ്റിയ സനീഷും മുനീറും.

തെളിവെടുപ്പിനിടെ നിയാസ് തന്റെ മൊബൈല്‍ വീട്ടില്‍ നിന്നെടുത്ത് പോലീസിന് കൈമാറി. ഇക്കാര്യങ്ങള്‍ സനീഷും മുനീറും ഉദ്യോഗസ്ഥന് മൊഴിയായി നല്‍കിയിരുന്നു. എന്നാല്‍, കോടതിയില്‍ വാദത്തിനിടെ ഇരുവരും മൊഴി നിഷേധിച്ചു.

എന്തിനാണ് പോലീസ് നിയാസിന്റെ വീട്ടിലെത്തിയതെന്ന് അറിയില്ലെന്നും നിയാസ് മൊബൈല്‍ ഫോണ്‍ കൈമാറുന്നത് കണ്ടില്ലെന്നും ഇരുവരും കോടതിയില്‍ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥര്‍ ചില പേപ്പറുകളില്‍ ഒപ്പിട്ട് വാങ്ങുകയായിരുന്നുവെന്നും പേപ്പറില്‍ എഴുതിയിരിക്കുന്ന കാര്യങ്ങളെ കുറിച്ച് അറിയില്ലെന്നും മൊഴി നല്‍കി. ഇതോടെ ഇരു സാക്ഷികളും കൂറുമാറിയതായി കോടതി രേഖപ്പെടുത്തി.