കെ.എച്ച്.എന്‍.എ കണ്‍വന്‍ഷനു വേദിയൊരുങ്ങുന്നു

ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് അന്തര്‍ദേശീയ ഹിന്ദു സംഗമത്തിന്റെ ഒരുക്കങ്ങള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുന്നതായി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ റെനില്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

2015 ജൂലൈ രണ്ടാം തീയതി മുതല്‍ അഞ്ചാം തീയതി വരെ ഡല്ലസ് എയര്‍പോര്‍ട്ടിലുള്ള ഹയാത്ത് റീജന്‍സിയില്‍ വെച്ച് നടക്കുന്ന ഈ ഹിന്ദു സംഗമത്തില്‍ മതാചാര്യന്മാര്‍, മതപണ്ഡിതര്‍, മതനേതാക്കള്‍, സാമൂഹ്യ-സാംസ്‌കാരിക നേതാക്കള്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നതാണെന്നു പ്രസിഡന്റ് ടി.എന്‍. നായര്‍ അറിയിച്ചു.

Loading...

ജൂലൈ രണ്ടാം തീയതി രാവിലെ ഗണപതി ഹോമത്തോടെ ആരംഭിക്കുന്ന ഈ ഹിന്ദു സംഗമത്തില്‍ സ്വാമിജിമാരുടെ പ്രഭാഷണങ്ങള്‍, കുട്ടികള്‍ക്കായുള്ള പ്രത്യേക മതപഠന ക്ലാസുകള്‍, വിവിധ കലാമത്സരങ്ങള്‍, ആത്മീയ സെമിനാറുകള്‍, ബിസിനസ് സെമിനാറുകള്‍, എല്ലാ ദിവസവും വൈകുന്നേരം വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, യോഗ, മെഡിറ്റേഷന്‍, യുവജനങ്ങള്‍ക്കായുള്ള പ്രത്യേക പരിപാടികള്‍, ചിരിയരങ്ങ്, ഫാഷന്‍ഷോ, കരിയര്‍ ഗൈഡന്‍സ് സെമിനാര്‍, കേരളത്തില്‍ നിന്നുള്ള കലാകാരന്മാരുടെ സ്റ്റേജ്‌ഷോ കൂടാതെ മറ്റനേകം പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഹിന്ദു സംഗമത്തില്‍ എല്ലാ ഹിന്ദുമത വിശ്വാസികളും പങ്കുചേര്‍ന്ന് വന്‍വിജയമാക്കിത്തീര്‍ക്കണമെന്ന് ട്രസ്റ്റി ചെയര്‍മാന്‍ ശശിധരന്‍ നായര്‍ അഭ്യര്‍ത്ഥിച്ചു. പി.ആര്‍.ഒ സതീശന്‍ നായര്‍ അറിയിച്ചതാണിത്.