സുരേന്ദ്രന്‍ നായര്‍
മിഷിഗണ്‍: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്‌എന്‍എ) മിഷിഗണും നോവ ശ്രീ വെങ്കിടേശ്വര ക്ഷേത്ര കമ്മിറ്റിയും സംയുക്‌തമായി മുഴുവന്‍ തെന്നിന്ത്യന്‍ ഹൈന്ദവരെയും സംഘടിപ്പിച്ചുകൊണ്ട് വ്യത്യസ്‌ത കലാസാംസ്‌കാരിക പരിപാടികളോടെ വിഷു ആഘോഷിച്ചു.
ഭാരതീയ ജ്യോതി ശാസ്‌ത്രപ്രകാരം ചാന്ദ്രവര്‍ഷത്തിലെ ആദ്യ സൂര്യ സംക്രമണം നടക്കുന്ന വിഷു പുലരിയില്‍ വെങ്കിടേശനെ പൊന്നിന്‍ കസവ് പുതപ്പിച്ച്, സര്‍വ്വാഭരണ വിഭൂഷിതനാക്കി കണിക്കൊന്നയും വാല്‍ക്കണ്ണാടിയും കാര്‍ഷിക വിഭവങ്ങളും ചേര്‍ത്ത് കണി ദര്‍ശന മൊരുക്കി തുടക്കം കുറിച്ച ക്ഷേത്രാചരണ പരിപാടികളുടെ സമാപനം കൂടിയായിരുന്നു ശനിയാഴ്‌ചത്തെ വിഭവ സമൃദ്ധമായ സദ്യയും കലാപരിപാടികളും.
കെഎച്ച്‌എന്‍എ മിഷിഗണ്‍ പ്രസിഡന്റ് ഡോ. സതീ നായര്‍ നാഷണല്‍ വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, സെക്രട്ടറി പ്രസന്ന മോഹന്‍ എന്നിവര്‍ ചേര്‍ന്ന് തെളിയിച്ച ഭദ്രദീപ പ്രഭയില്‍ നൂറോളം കുഞ്ഞു പ്രതിഭകള്‍ക്ക് മലയാളി സമൂഹത്തിലെ ഗുരുസ്‌ഥാനീയരായ ഡോ. മാധവന്‍, പുരുഷോത്തമന്‍ നായര്‍, രാധാ കൃഷ്‌ണന്‍ എന്നിവര്‍ വിഷുക്കൈനീട്ടം നല്‌കി.
ആഘോഷങ്ങളുടെ പെരുമ്പറ മുഴക്കിക്കൊണ്ട് കലാക്ഷേത്ര വാദ്യാചാര്യന്‍ രാജേഷ് നായരും സംഘവും അവതരിപ്പിച്ച ചെണ്ടമേളം നവീനമായ ഒരു നാദ വിസ്‌മയമായിരുന്നു. സാംസ്‌കാരിക പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ക്ഷേത്ര ട്രസ്‌റ്റി ചെയര്‍മാന്‍ ഡോ. പ്രസാദ് , വൈസ് ചെയര്‍മാന്‍ ആനന്ദ് ഗംഗാധരന്‍ എന്നിവര്‍ വിഷു ആശംസകള്‍ നേര്‍ന്നു.
കേരളത്തില്‍ നഷ്‌ടമായിക്കൊണ്ടിരിക്കുന്ന കാര്‍ഷിക സമൃദ്ധിയെ കടലാസിലേക്ക് പകര്‍ത്തി നിറക്കൂട്ടുകള്‍ അണിയിച്ച കുഞ്ഞുങ്ങളുടെ ചിത്ര രചനാ സൌഹൃദം കൂട്ടായ്‌മക്ക് ഡോ. ഗീതാ നായര്‍ നേതൃത്വം നല്‌കി. മെട്രോ ഡിട്രോയിറ്റിലെ കലാകാരന്മാര്‍ കാഴ്‌ച വെച്ച നൃത്ത നൃത്യങ്ങളും ഗൃഹാതുരത്വം ഉണര്‍ത്തിയ ഗാന വിരുന്നും പ്രത്യേക പ്രശംസ പിടിച്ചു പറ്റിയവയായിരുന്നു. കലാ സാംസ്‌കാരിക പരിപാടികളുടെ സംയോജകനും സംവിധായകനും സുനില്‍ പൈങ്കോളായിരുന്നു.
മുഴുവന്‍ സമയം നീണ്ടു നിന്ന ആഘോഷങ്ങള്‍ക്കും സദ്യക്കും മനോജ് കൃഷ്‌ണന്‍, രാജേഷ്‌കുട്ടി, അരുണ്‍ എഞ്ചുവിള, ശ്രീജ പ്രദീപ്, ഉഷാ കുമാര്‍, അനില്‍ കേളോത്ത്, രാധാകൃഷ്‌ണന്‍ നായര്‍, രാജേഷ് നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.