മെട്രോയില്‍ മാത്രമല്ല, കണ്ണൂരിലേക്കും ഉമ്മന്‍ചാണ്ടിക്ക് ക്ഷണമില്ല

Loading...

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനും മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിക്ക് ക്ഷണമില്ല. നേരത്തെ കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തില്‍ നിന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയിരുന്നു.

കണ്ണൂരില്‍ റണ്‍വേ പൂര്‍ണ്ണമായി സജ്ജമാക്കിയത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്താണ്. അന്ന് ഉദ്ഘാടനവും നടത്തി. എന്നാല്‍ യാത്രയ്ക്കായി വിമാനത്താവളം സജ്ജമല്ലാത്തത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. കൂടാതെ പരീക്ഷണ പറക്കലിനായി ആദ്യ വിമാനം 2016 ഫെബ്രുവരി 29ന് ഉമ്മന്‍ചാണ്ടി മന്ത്രസഭയുടെ കാലത്താണ് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. പദ്ധതിയുടെ നിര്‍മ്മാണ പ്രക്രിയയുടെ ഭൂരിഭാഗവും യഥാര്‍ത്ഥ്യമാക്കിയതും ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്.

Loading...

ഇതിനിടെ, രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തിന് ഉമ്മന്‍ചാണ്ടിയെ ക്ഷണിക്കേണ്ടെന്ന തീരുമാനത്തിലാണ് സംഘാടകരായ കിയാല്‍. കിയാല്‍ വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഉമ്മന്‍ചാണ്ടിയെ ക്ഷണിച്ചാല്‍ മുന്‍മുഖ്യമന്ത്രിമാരെ എല്ലാവരെയും ക്ഷണിക്കേണ്ടി വരുമെന്ന വിശദീകരണമാണ് കിയാല്‍ നല്‍കുന്നത്. വിഎസ് അച്യുതാനന്ദന്‍, എകെ ആന്റണി എന്നിവര്‍ മാത്രമാണ് ഉമ്മന്‍ചാണ്ടിക്ക് പുറമെ ജീവിച്ചിരിക്കുന്ന മുന്‍ മുഖ്യമന്ത്രിമാര്‍.

നേരത്തെ കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ നിന്നും സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയിരുന്നു. മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, എംപി, എംഎല്‍എ, രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്‍മാര്‍ എന്നിവര്‍ക്ക് വേദിയില്‍ സ്ഥാനമുണ്ടായിരിക്കുമെന്നാണ് കിയാല്‍ അറിയിച്ചിരിക്കുന്നത്.

അതേസമയം ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ പരാതിയില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.