നടന്റെ കണ്ണിൽ മുളക് സ്പ്രേ അടിച്ച് തോക്ക് ചൂണ്ടി തട്ടികൊണ്ട് പോയി, പോലീസ് രക്ഷിച്ചപ്പോൾ പരാതിയില്ലെന്ന് നടൻ

ചാലക്കുടി:സിനിമാ സ്റ്റൈലിൽ നടനേ കണ്ണിൽ മുളക് സ്പ്രേ അടിച്ച് തട്ടികൊണ്ട് പോയി. കാറിലിട്ട് നടനേ ശരിക്കും അടിച്ച് അവശനാക്കി. ഒടുവിൽ പോലീസ് പിടിച്ചപ്പോൾ നടൻ തട്ടികൊണ്ട് പോയ ആൾക്കാരുടെ കൂടത്തിൽ ചേർന്ന് പോലീസിനെ പരിഹസിച്ചു. കൊച്ചിയിൽ ടെലിഫിലിം നിർമാണ കമ്പനിയും സ്പായും നടത്തുന്ന നിലമ്പൂർ അകംപാടം കറുവണ്ണിൽ റിൻഷാദ് (26), കണ്ണൂർ ചാലാട് ഡിയോൺ ലിറ്റിൽഹട്ടിൽ അജയ് (കെവിൻ മൈക്കിൾ – 40) എന്നിവരെയാണ് ദേശീയപാതയിൽ കാർ തടഞ്ഞു പൊലീസ് പിടികൂടിയത്.കോഴിക്കോട് പെരുവണ്ണാമൂഴി കൂഴിത്തോട് കപ്പലാംമൂട്ടിൽ മനു അലക്സിനെയാണ് തട്ടിക്കൊണ്ടുപോയത്.എന്നാൽ, മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയപ്പോൾ, തനിക്കു പരാതിയില്ലെന്നു മനു പറഞ്ഞപ്പോൾ പോലീസും മജിസ്ട്രേട്ടും അന്തം വിട്ടു.മനു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ ജാമ്യത്തിൽ വിട്ടു.

ഇന്നലെ പുലർച്ചെ പോട്ട പാപ്പാളി ജംക്‌ഷനിലാണ് പ്രതികൾ പൊലീസ് പിടിയിലായത്.സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തു കൊച്ചിയിൽ താമസിക്കുകയാണ് മനു. പ്രതികളുടെ സ്ഥാപനം നിർമിച്ച ഹ്രസ്വചിത്രത്തിൽ മനു അഭിനയിച്ചിരുന്നു. ഇവിടെ ജോലിയും ചെയ്തിരുന്നു.സ്ഥാപനത്തിലെ ജീവനക്കാരിയും പ്രതികളും തമ്മിൽ വഴക്കുണ്ടായപ്പോൾ മനു ഇടപെട്ടതിന്റെ ദേഷ്യത്തിൽ ഉപദ്രവിച്ചെന്നാണു വിവരം. മനുവിനെ ഇടപ്പള്ളിയിലെ വാടകവീട്ടിലേക്കു വിളിച്ചുവരുത്തി കണ്ണിൽ മുളക് സ്പ്രേ അടിച്ച ശേഷം മർദിക്കുകയും പ്ലാസ്റ്റിക് കയർ ഉപയോഗിച്ചു കൈകൾ വരിഞ്ഞുകെട്ടി കാറിനുള്ളിലാക്കി കൊച്ചിയിൽ നിന്നു തൃശൂർ ഭാഗത്തേക്കു പോകുകയായിരുന്നു.

എയർ പിസ്റ്റൾ തലയ്ക്കു നേരെ ചൂണ്ടിയിരുന്നതിനാൽ മനുവിന് എതിർക്കാനായില്ല.കാറിനുള്ളിൽ മനുവിനെ കെട്ടിയിട്ടത് എളമക്കരയിൽ ഒരു ലോറി ഡ്രൈവർ കണ്ടു. ഇയാൾ പൊലീസിനെ വിവരമറിയിച്ചു. കൊരട്ടി എസ്ഐ ജയേഷ് ബാലനും സംഘവും പിന്തുടർന്നു. പോട്ടയിലെത്തിയപ്പോൾ സിഐ ജെ. മാത്യു, എസ്ഐ വി.എസ്. വൽസകുമാർ എന്നിവർ ചേർന്നു കാർ തടഞ്ഞു പ്രതികളെ പിടികൂടുകയായിരുന്നു.