കിരണ്‍ കുമാര്‍ സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. തനിക്കിഷ്ടപ്പെട്ട കാറല്ല ലഭിച്ചതെന്നാണ് കിരണ്‍ കുമാര്‍ പറയുന്നത്. വിസ്മയ കേസില്‍ വിധി വരാന്‍ മണിക്കൂറുകള്‍ മാത്രം നില്‍ക്കെയാണ് നിര്‍ണായകമായ ഈ ശബ്ദസന്ദേശം പുറത്ത് വന്നിരിക്കുന്ന്.
സ്ത്രീധനം ചോദിച്ചിട്ടില്ല, ആവശ്യപ്പെട്ടിട്ടില്ല എന്നതായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. എന്നാല്‍ ഈ വാദത്തെ റദ്ദ് ചെയ്യുന്ന ശബ്ദസന്ദേശവും ഫോണ്‍ സംഭാഷണവുമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
കിരണ്‍ : സ്കോഡ റാപ്പിഡ് കണ്ടപ്പോള്‍ വിളിച്ചോ ? വെന്റോ കണ്ടപ്പോ വിളിച്ചോ ? എനിക്കിഷ്ടം സിറ്റിയായിരുന്നു. സിറ്റി വിലക്കൂടുതലാ, നോക്കണ്ടെന്ന് ഞാന്‍ തന്നെ അങ്ങോട്ട് പറഞ്ഞിട്ടുണ്ട്. നിങ്ങടെ എച്ചിത്തരം കണ്ടപ്പോള്‍ എനിക്ക് മനസിലായി. അവസാനം കറക്ട് വെന്റോ എടുത്ത് തരാന്‍ ഫിക്സ് ചെയ്തതല്ലേ ? പിന്നെന്താ രാത്രിക്ക് രാത്രി ഈ സാധനം എടുത്ത് അവിടെ ഇട്ട്, രാത്രി ഞാന്‍ വന്നപ്പോഴാ ഈ സാധനം കാണുന്നത്. അപ്പൊഴേ എന്റെ കിളി പറന്ന്.
വിസ്മയ : പക്ഷേ അന്നും കുഴപ്പം ഇല്ലായിരുന്നല്ലോ ?
കിരണ്‍ : അന്ന് കുഴപ്പമില്ല, അല്ലേങ്കില് പിന്നെ കല്യാണം വേണ്ടെന്ന് വയ്ക്കേണ്ടി വന്നേനെ. എന്നെ എല്ലാവരും വഴക്ക് പറയില്ലേ ?
ഇതുള്‍പ്പെടെ ഒരു ലക്ഷത്തോളം ശബ്ദസന്ദേശങ്ങളും ഫോണ്‍ സംഭാഷണങ്ങളുമാണ് തെളിവായി പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. കിരണനിനെതിരായുള്ള ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള മരണമാണ്.
2019 മെയ് 31 നായിരുന്നു വിസ്മയയും കിരണും തമ്മിലുള്ള വിവാഹം. തൊട്ടടുത്ത വര്‍ഷം തന്നെ ഭര്‍തൃപീഡനം സഹിക്കവയ്യാതെ 2021 ജൂണ്‍ 21 വിസ്മയ ആത്മഹത്യ ചെയ്തു. വിസ്മയയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് 2021 ജൂണ്‍ 22 ന് കുടുംബം രംഗത്ത് വന്നു. ജൂണ്‍ 22ന് തന്നെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ അറസ്റ്റിലായി. അന്ന് തന്നെ കിരണിനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ജൂണ്‍ 25 വിസ്മയയുടേത് തൂങ്ങിമരണം ആണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. 2021 സെപ്റ്റംബര്‍ 10ന് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2022 ജനുവരി 10ന് കേസില്‍ വിചാരണ ആരംഭിച്ചു. 2022 മാര്‍ച്ച് 2ന് കിരണ്‍ കുമാറിന് സുപ്രിംകോടതി ജാമ്യം നല്കി. വിസ്മയ മരിച്ച് പതിനൊന്ന് മാസവും രണ്ട് ദിവസവും പൂര്‍ത്തിയാകുന്ന മെയ് 23, 2022 ന് കേസില്‍ അന്തിമ വിധിക്കായി കാത്തിരിക്കുകയാണ് കേരളം.