കൊച്ചി: ഓണ്‍ലൈന്‍ പെണ്‍ വാണിഭ കേസില്‍ അറസ്റ്റിലായ രാഹുല്‍ പശുപാലനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവതി. ചുംബന സമരത്തിന്റെ മറവില്‍ പെണ്‍കുട്ടികളെ ഇരകളാക്കുകയായിരുന്നു രാഹുല്‍ പശുപാലന്റെയും ഭാര്യയുടേയും ഉദ്ദേശ്യം. ചുംബന സമരത്തിനെത്തിയ യുവതികളോട് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് പറഞ്ഞതും സ്വകാര്യ ദൃശ്യങ്ങള്‍ കംപ്യൂട്ടറില്‍ കാണിച്ചതും ബോധപൂര്‍വ്വമായിരുന്നെന്ന് സമരത്തിന് നേതൃത്വം നല്‍കിയ യുവതി മനോരമ ന്യൂസിനു കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍, യുവതി പൊലീസിന് കൈമാറിയതിനാല്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് അന്വേഷണ സംഘം.

2014 നവംബര്‍ രണ്ടിന് ചുംബന സമരത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയ യുവതികള്‍ക്ക് രാഹുലും ഭാര്യ രശ്മിയും നിര്‍ദേശങ്ങള്‍ നല്‍കിയെന്നും. സമരത്തിന്റെ തുടര്‍ച്ചയെപ്പറ്റി ആലോചിക്കാന്‍ രാഹുലിന്റെ ഫ്‌ലാറ്റിലെത്തിയ താനും സുഹൃത്തുക്കളും കംപ്യൂട്ടറില്‍ സ്വകാര്യ ദൃശ്യങ്ങള്‍ കാണാനിടയായ സാഹചര്യത്തെപ്പറ്റിയും യുവതി വിവരിച്ചു.

Loading...

ചുംബന സമരത്തിന് നേതൃത്വം നല്‍കിയ പല യുവതികളെയും സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയതിന് പിന്നില്‍ രാഹുലാണെന്ന ബലമായ സംശയവും ഇവര്‍ക്കുണ്ട്. ഓണ്‍ലൈന്‍ ലൈംഗിക വ്യാപാര കേസില്‍ പൊലീസിന്റെ കണ്ടെത്തലുകളെ ബലപ്പെടുത്തുന്നവയാണ് യുവതിയുടെ വെളിപ്പെടുത്തല്‍. സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യയ്ക്ക് ഇരയായതിനാല്‍ മുഖം വെളിപ്പെടുത്താനാവില്ലെന്ന നിബന്ധനയുമായാണ് യുവതി പറഞ്ഞു.

അതേസമയം, ചുംബന സമരത്തില്‍ പങ്കെടുത്ത യുവതികളെ എംഎല്‍എമാരും ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് ബിജെപി നേതാവ് വി.വി. രാജേഷ്. ഇക്കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും മാധ്യമങ്ങള്‍ക്കും അറിയാം. അന്വേഷണം അട്ടിമറിക്കപ്പെടുന്നു. രാഹുലിലും രശ്മിയിലും മാത്രമായി അന്വേഷണം ഒതുക്കി നിര്‍ത്താനാണ് ശ്രമം നടക്കുന്നത്. ബെംഗളൂരുവില്‍ നിന്നും നിരവധി പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ചിട്ടുണ്ട്. രാവിലെയുള്ള വിമാനത്തില്‍ കൊണ്ടുവന്ന് ഉപയോഗം കഴിഞ്ഞ് വൈകുന്നേരം തന്നെ തിരികെയെത്തിച്ച സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും വി.വി. രാജേഷ് പറഞ്ഞു.