കേരളം തഴഞ്ഞു, നിക്ഷേപ ചര്‍ച്ചക്കായി കിറ്റെക്‌സ് ഗ്രൂപ്പ് ഇന്ന് തെലുങ്കാനയിലേക്ക്

കൊച്ചി | വ്യാവസായിക നിക്ഷേപത്തിനായി തെലുങ്കാന സര്‍ക്കാറിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച്‌ കിറ്റെക്‌സ് സംഘം ഇന്ന് യാത്രതിരിക്കും. കേരളത്തില്‍ ഉപേക്ഷിച്ച 3,500 കോടിയുടെ നിക്ഷേപ പദ്ധതികളുടെ ചര്‍ച്ചക്കായാണ് കിറ്റെക്‌സിന്റെ എം ഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം തെലുങ്കാനയിലക്ക് പോകുന്നത്. തെലങ്കാന സര്‍ക്കാര്‍ അയച്ച സ്വകാര്യ ജെറ്റ് വിമാനത്തിലാണ് യാത്ര.

നിക്ഷേപം നടത്താന്‍ വന്‍ ആനൂകൂല്യങ്ങളാണ് തെലങ്കാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ വ്യവസായ മന്ത്രി കെ ടി രാമറാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും കിറ്റെക്‌സ് എം ഡി ടെലിഫോണില്‍ സംസാരിച്ചിരുന്നു. നൂതന ടെക്‌സ്‌റ്റൈല്‍ ഉല്‍പാദന രംഗത്തെ പുതിയ നിക്ഷേപകര്‍ക്കായി സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന ആദ്യ വാഗ്ദാനം മൂലധന സബ്‌സിഡിയാണ്. 50 മുതല്‍ ആയിരം പേര്‍ക്ക് വരെ ജോലി നല്‍കിയാല്‍ സ്ഥാപനങ്ങള്‍ക്ക് മുതല്‍ മുടക്കില്‍ 35 ശതമാനം സബ്‌സിഡി. 40കോടി രൂപവരെ ഇതുവഴി നിക്ഷേപകര്‍ക്ക് ലാഭിക്കാം. സര്‍ക്കാര്‍ ഭൂമി വാടകക്കെടുത്താല്‍ ആദ്യ അഞ്ച് വര്‍ഷത്തേക്ക് 25 ശതമാനം വരെ സബ്‌സിഡി, വാതില്‍പടി വരെ വെള്ളവും റോഡും സര്‍ക്കാറെത്തിക്കും. മാലിന്യ സംസ്‌കരണ പ്ലാന്റ് സര്‍ക്കാര്‍ സ്ഥാപിച്ച്‌ നല്‍കും. തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള കെട്ടിടങ്ങള്‍ പണിയുമ്ബോഴും സഹായം.

Loading...

പുതിയ സംരംഭങ്ങള്‍ക്ക് സംവിധാനങ്ങളൊരുക്കാന്‍ വേണ്ട ലോണ്‍തുകയടെ 75 ശതമാനം വരെ പ്രത്യേക പദ്ധതിയിലുള്‍പ്പെടുത്തി എട്ട് ശതമാനം പലിശക്ക് സര്‍ക്കാര്‍ ലഭ്യമാക്കും. എട്ട് വര്‍ഷം വരെ ഈ പലിശ ഇളവ് ലഭിക്കും. 50 മുതല്‍ 200 വരെ തൊഴിലാളികള്‍ക്ക് ജോലി നല്‍കുന്ന സംരംഭങ്ങള്‍ക്ക് യൂണിറ്റിന് 1 രൂപ നിരക്കില്‍ തടസമില്ലാത്ത വൈദ്യുതിയെത്തിക്കും. വന്‍കിട സംരംഭങ്ങള്‍ക്ക് യൂണിറ്റിന് പരമാവധി രണ്ട് രൂപ മാത്രം ഈടാക്കുമെന്നല്ലാമാണ് തെലുങ്കാന മുന്നോട്ടുവെച്ച വാ്ദാനങ്ങള്‍. സംരംഭം തുടങ്ങാനായി ഭൂമി വാങ്ങുന്നതിനോ പാട്ടത്തിനെടുക്കുന്നതിനോ വേണ്ടിവരുന്ന സ്റ്റാമ്ബ് ഡ്യൂട്ടിയുള്‍പ്പടെ എല്ലാ ചിലവുകളും സര്‍ക്കാര്‍ വഹിക്കുമെന്നും വാഗ്ദാനത്തിലുണ്ട്.